പുതിയ ഐടി ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് കേന്ദ്രം
കഴിഞ്ഞ ദിവസമാണ് ഇന്ത്യ പുറത്തിറക്കിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത് വന്നത്.
പുതിയ ഐടി മാർഗനിർദേശങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ ഐക്യരാഷ്ട്രസഭക്ക് കേന്ദ്രത്തിന്‍റെ മറുപടി. ഐടി ചട്ടം ഇന്ത്യയിൽ നടപ്പിലാക്കിയത് കൂടിയാലോചനകൾക്ക് ശേഷമാണെന്ന് കേന്ദ്രം അറിയിച്ചു.
പുതിയ ചട്ടങ്ങളിൽ മനുഷ്യാവകാശ ലംഘനമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയും അവകാശങ്ങൾ ഹനിക്കുന്ന തരത്തിലല്ല ഐടി ചട്ടങ്ങൾ. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പുറത്തിറക്കിയ ഐടി ചട്ടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത് വന്നത്. കർഷക സമരവും കോവിഡ് പ്രതിസന്ധിയും നിലനിൽക്കുന്ന കാലത്ത് പൗരന്‍റെ പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതാണോ പുതിയ ചട്ടം എന്നതായിരുന്നു ഐക്യരാഷ്ട്ര സഭയുടെ ആശങ്ക.
സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരന് വേണ്ടി തന്നെയാണ് പുതിയ ഐടി ചട്ടം വിഭാവനം ചെയ്തിരിക്കുന്നതെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി. പുതിയ ഐടി ചട്ടവുമായി ബന്ധപ്പെട്ട് ട്വിറ്ററിനും ഫേസ്ബുക്കിനും നിരന്തരം നോട്ടീസ് അയക്കുന്ന സാഹചര്യത്തിലേക്ക് കേന്ദ്രം കടന്നിരുന്നു.