ബ്ലാക്ക് ഫംഗസ് ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

Update: 2021-05-20 10:33 GMT
Advertising

കോവിഡിനു പിന്നാലെ ആശങ്ക വര്‍ധിപ്പിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശം. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. 

എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ കോളജുകളും മ്യൂക്കര്‍മൈക്കോസിസിന്‍റെ പരിശോധനയും മറ്റുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു. ബ്ലാക്ക് ഫംഗസ് എന്ന് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. 

രാജ്യത്ത് കോവിഡ് മുക്തരായവരില്‍ ഫംഗസ് ബാധ കണ്ടുവരുന്നത് ദിനംപ്രതി വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 1,500 പേര്‍ക്കാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 90 മരണങ്ങളും സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News