'റെംഡിസിവർ മരുന്ന് മഹാരാഷ്ട്രക്ക് നൽകരുതെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു': ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 63,729 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,38,034 ആയി. 398 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-04-17 12:11 GMT
Editor : rishad | By : Web Desk
Advertising

കേന്ദ്രസര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവര്‍ മരുന്ന് മഹാരാഷ്ട്രക്ക് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികളോട് ആവശ്യപ്പെട്ടതായി മന്ത്രി നവാബ് മാലിക് ആരോപിക്കുന്നു. ട്വിറ്ററിലെഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ ആരോപണം. മരുന്നുകള്‍ വിതരണം ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അപകടകരമായ സാഹചര്യമെന്ന് വിശേഷിപ്പിച്ച മന്ത്രി റെംഡിസിവര്‍ മരുന്നിന്റെ സ്റ്റോക്ക് പിടിച്ചെടുത്ത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയല്ലാതെ മഹാരാഷ്ട്ര സര്‍ക്കാറിന് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ലെന്നും വ്യക്തമാക്കുന്നു.

'16 കയറ്റുമതി കമ്പനികളോട് റെംഡിസിവര്‍ മരുന്ന് ചോദിച്ചപ്പോള്‍ മഹാരാഷ്ട്രയിലേക്ക് മരുന്ന് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതായി ഞങ്ങളോട് പറഞ്ഞു. ഇനി മരുന്ന് വിതരണം ചെയ്താല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി'- മാലിക് ട്വിറ്ററിലെഴുതുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 63,729 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,38,034 ആയി. 398 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ തന്നെ ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്തതും സര്‍ക്കാറിനെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്. റെംഡിസിവര്‍ മരുന്ന് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പൂനെയിലെ കോവിഡ് രോഗികളുടെ ബന്ധുക്കള്‍ കളക്ടര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറിനെതിരെ ഗുരുതര ആരോപണവുമായി ഒരു മന്ത്രി തന്നെ രംഗത്ത് എത്തുന്നത്.

നേരത്തെയും റെംഡിസിവര്‍ മരുന്ന് ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശവുമായി നവാബ് മാലിക് രംഗത്ത് എത്തിയിരുന്നു. റെംഡിസിവര്‍ മരുന്ന് വില്‍ക്കാന്‍ തയ്യാറുള്ള കമ്പനികള്‍ക്ക് കേന്ദ്രം അനുമതി നിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നമ്മുടെ രാജ്യത്ത് 16 കയറ്റുമതി അധിഷ്ടിത യൂണിറ്റുകളുണ്ട്. മരുന്നുകളുടെ കയറ്റുമതി നിരോധിച്ചിരിക്കുന്നതിനാല്‍ ഈ യൂണിറ്റുകള്‍ നമ്മുടെ രാജ്യത്ത് വില്‍ക്കാന്‍ അനുമതി തേടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News