'വാക്സിന്‍ തരുന്നില്ല. പിന്നെ എന്തിന് മോദിയുടെ ചിത്രം?' വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മുഖ്യമന്ത്രിയുടെ ചിത്രവുമായി ഛത്തിസ്ഗഢ്
18-44 പ്രായ പരിധിയില്‍പ്പെട്ടവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ചിത്രമുള്ളത്.
കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ചിത്രവുമായി ഛത്തിസ്ഗഢ്. 18-44 പ്രായ പരിധിയില്‍പ്പെട്ടവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ ചിത്രമുള്ളത്. കോവിന്‍ പോര്‍ട്ടലിന് പകരം സംസ്ഥാന സര്‍ക്കാരിന്‍റെ പോര്‍ട്ടലിലാണ് ഇപ്പോള്‍ വാക്സിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നടക്കുന്നത്.
ഛത്തിസഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ് ദിയോ പറയുന്നതിങ്ങനെ- "ഇതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സൌജന്യമായി വാക്സിന്‍ നല്‍കിയപ്പോള്‍ അവര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരാണ് വാക്സിന്‍ എത്തിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തി. വാക്സിന്‍ എത്തിക്കാനുള്ള സാമ്പത്തിക ഭാരം കേന്ദ്രം സംസ്ഥാനങ്ങളുടെ ചുമലിലേക്ക് ഇട്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൂടെ? എന്തിന് പ്രധാനമന്ത്രിയുടെ ചിത്രം?"
എതിര്‍പ്പുമായി ബിജെപി ഛത്തിസ്ഗഢ് നേതൃത്വം രംഗത്തെത്തി. സംസ്ഥാനങ്ങളോട് വാക്സിന്‍ സ്വന്തം നിലയ്ക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള തീരുമാനമെടുത്തത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം തന്നെ തുടര്‍ന്നും ഉപയോഗിക്കമെന്ന് പ്രതിപക്ഷ നേതാവ് ധരംലാല്‍ കൌശിക് ആവശ്യപ്പെട്ടു.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്ത് കഴിഞ്ഞാല്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ളത്. വാക്സിനേഷന്‍ തുടങ്ങിയ സമയത്ത് കേന്ദ്രമാണ് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിയിരുന്നത്. എന്നാല്‍ 18- 44 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷന്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. മരുന്ന് കമ്പനികളില്‍ നിന്ന് നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ വാങ്ങാം എന്നാണ് നിര്‍ദേശം. ഛത്തിസ്ഗഢിന് പിന്നാലെ ജാര്‍ഖണ്ഡും മോദിയുടെ ചിത്രം മാറ്റുന്നത് പരിഗണിക്കുന്നുണ്ട്.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ പടം ഉണ്ടോ ഇല്ലയോ എന്നതല്ല, വാക്‌സിന്‍ എങ്ങനെ ലഭ്യമാക്കാനാകും എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന പ്രശ്‌നമെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. ഇതില്‍ വിവിധ മാര്‍ഗങ്ങളാണ് നമുക്ക് മുന്നിലുള്ളത്. കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്ന വാക്‌സിന്‍ വിഹിതം, സംസ്ഥാനം നേരിട്ട് വാങ്ങുന്നത്, സ്വകാര്യ മേഖല വാങ്ങുന്നത്, മറ്റൊന്ന് ഇറക്കുമതി. ഇറക്കുമതിക്ക് വേണ്ട നടപടികള്‍ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതെല്ലാം എത്രകണ്ട് ഫലപ്രദമാകും എന്നത് അനുഭവിച്ചറിയേണ്ടുന്ന കാര്യമാണെന്നും മുഖ്യമന്ത്രി ഇന്നലെ പറയുകയുണ്ടായി.