സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ; വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനു മുമ്പ് വേണ്ടെന്ന് ഡല്‍ഹി

ബോർഡ് പരീക്ഷയ്ക്ക് മുമ്പ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നൽകാനുള്ള സംവിധാനം ഒരുക്കണം.

Update: 2021-05-23 10:16 GMT
Advertising

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത് വലിയ തെറ്റാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അറിയിച്ചു.

ആദ്യം വാക്സിന്‍, തുടര്‍ന്ന് പരീക്ഷ എന്നും സിസോദിയ പിന്നീട് ട്വീറ്റ് ചെയ്തു. ബോർഡ് പരീക്ഷയ്ക്ക് മുമ്പ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നൽകാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അതേസമയം, പരീക്ഷ ഉപേക്ഷിക്കരുതെന്ന നിലപാടാണ് യോഗത്തില്‍ മിക്ക സംസ്ഥാനങ്ങളും സ്വീകരിച്ചത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് പരീക്ഷ ഉപേക്ഷിക്കേണ്ടെന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചത്. എന്നാല്‍, ജൂലൈക്ക് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല. വിദ്യാര്‍ഥികള്‍ക്ക് ഒന്നിലധികം അവസരം നല്‍കുകയെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ വൈകുമ്പോള്‍ നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശന പരീക്ഷകള്‍ എങ്ങനെ വേണമെന്നതിലും തീരുമാനമാകേണ്ടതുണ്ട്. 

കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കാന്‍ തീരുമാനമായത്. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് നേരത്തെ ധാരണയിലെത്തിയിരുന്നു. വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്നു നടന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. 


 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News