ഫേസ് ബുക്കും ട്വിറ്ററും വിട്ട് ജനങ്ങളിലേക്ക് ഇറങ്ങൂ; തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ്

ബംഗാളിലുണ്ടായത് അപമാനകരമായ തോൽവിയാണെന്ന്​ അധിർ രഞ്ജൻ ചൗധരി

Update: 2021-05-04 05:55 GMT
Advertising

ട്വിറ്ററും ഫേസ് ബുക്കും വിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ആഹ്വാനം. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ബംഗാളില്‍ കോണ്‍ഗ്രസിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് പ്രതികരണം. ബംഗാളിലുണ്ടായത് അപമാനകരമായ തോൽവിയാണെന്ന്​ അധിർ രഞ്ജൻ ചൗധരി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീകളും മുസ്‍ലിംകളും മമതയ്ക്ക് പിന്നില്‍ അണിനിരന്നതോടെയാണ് തൃണമൂല്‍ വന്‍വിജയം നേടിയതെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. ബംഗാളില്‍ ഉത്തര്‍ പ്രദേശ് ആവര്‍ത്തിക്കുമോയെന്ന് മുസ്‍ലിംകള്‍ ഭയന്നു. അവര്‍ മമതയെ രക്ഷകയായി കണ്ടു. സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും വോട്ടുകളും തൃണമൂലിലേക്ക് പോയിട്ടുണ്ട്. ജനങ്ങളുടെ അഭിവൃദ്ധിക്കായി വ്യക്തമായ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കുന്നതില്‍ ഇടത് - കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടെന്നും അധിർ രഞ്ജൻ ചൗധരി വിശദീകരിച്ചു.

കോവിഡ് സാഹചര്യം കാരണം രണ്ട് റാലികള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി ബംഗാളില്‍ വന്നില്ല. ഇത് പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിച്ചു. അവസരം തൃണമൂലും ബിജെപിയും മുതലാക്കി. ബിജെപിയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ ഭീഷണി എങ്കില്‍ പ്രാദേശിക തലത്തിലെ ഭീഷണി മമതയാണെന്ന് അധിര്‍ രഞ്ജൻ ചൗധരി പറഞ്ഞു. ഞങ്ങള്‍ എവിടെ പോകും എന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ ചോദ്യം.

ഇന്നത്തെ സാഹചര്യത്തിൽ ഭാവിയെ കുറിച്ച് ശോഭനമായ പ്രതീക്ഷകളില്ല. പാർട്ടി കൂടുതല്‍ കരുത്ത് ആര്‍ജിക്കണം. അതിനാല്‍ ട്വിറ്ററിലും ഫേസ്​ബുക്കിലും ഒതുങ്ങാതെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങണം. മറ്റെല്ലാം മാറ്റിവെച്ച് പ്രവര്‍ത്തകര്‍ കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങളെ സഹായിക്കണം. അതേസമയം മോദി സർക്കാറിന്‍റെ വിശ്വാസ്യത പ്രതിദിനം ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്​. അതുകൊണ്ടുതന്നെ കാര്യങ്ങൾ മാറിമറിയുമെന്നും അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News