കോവിഡ് രണ്ടാം തരംഗം അതിതീവ്രം; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സങ്കീര്‍ണം
രണ്ടാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്
കോവിഡ് രണ്ടാം തരംഗം അതിതീവ്രം. മഹാരാഷ്ട്ര, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണമാണ്. തമിഴ്നാട്, ബീഹാർ തുടങ്ങിയ സംസ്‌ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.
രണ്ടാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ഇരട്ടിയായി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നും വർദ്ധനവ് ഉണ്ടായേക്കും. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്ട്രയിൽ മാത്രം 68,000 ലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.മുംബൈ, നാഗ്പൂർ, പൂനെ എന്നീ നഗരങ്ങളിൽ സ്ഥിതി മോശമാണ്. കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ ബീഹാറും തമിഴ്നാടും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. തമിഴ്‌നാട്ടിൽ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്.
സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷയും മാറ്റി വെച്ചു. ബീഹാറിൽ ആരാധനാലയങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാശാലകൾ ,പാർക്കുകൾ തുടങ്ങിയവ മെയ് 15 വരെ അടച്ചിടും. ഡൽഹിയിൽ പുതുതായി 25,462 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആശുപത്രികളിൽ കിടക്കകൾക്കും ഓക്സിജനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇവ ലഭ്യമാക്കാൻ ഉടൻ നടപടി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.