2019-20 സാമ്പത്തിക വര്‍ഷം ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപ
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി കണക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
അധികാരത്തിലെത്തി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ബി.ജെ.പിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം വ്യക്തികളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ചത് 750 കോടി രൂപയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നു.
കോണ്‍ഗ്രസിന്റെ വരുമാനത്തെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. 139 കോടി രൂപയാണ് കോണ്‍ഗ്രസിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച വരുമാനം. എന്‍.സി.പി 59 കോടി, ടി.എം.സി 8 കോടി, സി.പി.എം 19.6 കോടി, സി.പി.ഐ 1.9 കോടി എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ കണക്ക്.
ബി.ജെ.പി എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ ജൂപിറ്റര്‍ ക്യാപിറ്റല്‍, ഐ.ടി.സി ഗ്രൂപ്പ്, റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മക്രോടെക് ഡെവലെപേഴ്‌സ്, ബി.ജി ഷിര്‍ക്കെ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി, ദി പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ്, ജന്‍കല്യാണ്‍ ഇലക്ട്രല്‍ ട്രസ്റ്റ് എന്നിവരാണ് ബി.ജെ.പി പ്രധാനമായും സംഭാവന നല്‍കിയ കോര്‍പറേറ്റുകള്‍.
ഇതിന് പുറമെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യക്തികളും ബി.ജെ.പിക്ക് സംഭാവന നല്‍കിയിട്ടുണ്ട്. പാര്‍ട്ടി എം.പിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിമാരും വന്‍ തുക തന്നെ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയിട്ടുണ്ട്. ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.