അതിർത്തി കടക്കാൻ നിയന്ത്രണം; കതിർമണ്ഡപമായി കേരള-തമിഴ്‌നാട് അതിർത്തിയിലെ ചിന്നാർ പാലം
ഈ ലോക്ക്ഡൗൺ കാലത്തുമാത്രം പാലത്തിൽ 11 വിവാഹങ്ങളാണ് നടന്നത്
കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ചിന്നാർ എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കാടിന്റെ മനോഹാരിതയിൽ ലയിച്ചു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എപ്പോഴും തിരഞ്ഞെടുക്കാറുള്ള ഒരു റൂട്ടാണ് മൂന്നാറിൽനിന്ന് മറയൂർ വഴി തമിഴ്‌നാട്ടിലെത്തുന്ന ഈ കാനനപാത. കോവിഡ് വന്നതോടെ ഇതുവഴിയുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതോടെ സഞ്ചാരികളും ഈ പാതയെ ഉപേക്ഷിച്ച മട്ടാണ്.
എന്നാൽ, സഞ്ചാരികളെല്ലാം ഒഴിഞ്ഞപ്പോൾ നിരവധിപേരെ ജീവിതത്തില്‍ ഒന്നിപ്പിച്ച 'കതിർമണ്ഡപ'മായിരിക്കുകയാണ് ഇപ്പോൾ രണ്ടു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ചിന്നാർ പാലം! ഈ ലോക്ക്ഡൗൺ കാലത്തുമാത്രം ഈ പാലത്തിൽ വച്ച് 11 വിവാഹങ്ങളാണ് നടന്നത്. ഇതിൽ ഒൻപതും നടന്നത് അതിർത്തിക്കപ്പുറമിപ്പുറമുള്ള വധൂവരന്മാർ തമ്മിലായിരുന്നു.
മറയൂർ, മൂന്നാർ പ്രദേശങ്ങളിൽ തമിഴ് വേരുള്ളവർ നിരവധിയാണ്. ഇതിനാൽ തന്നെ തമിഴ്‌നാട്ടിൽനിന്നു വിവാഹം കഴിക്കുന്നത് ഇവിടെ പതിവാണ്. എന്നാൽ, കോവിഡായതോടെ അതിർത്തി കടക്കാൻ കടുത്ത നിയന്ത്രണങ്ങളായി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പ്രത്യേക പാസുമെല്ലാം വേണം. തമിഴ്‌നാട്ടിൽ ടെസ്റ്റിന് ഫീസും കൂടുതലുമാണ്. ഇതെല്ലാമായതോടെയാണ് 'പാലംകല്യാണം' ഇപ്പോൾ പുതിയൊരു ആചാരമായി മാറിയിരിക്കുന്നത്.
വധുവും വരനും മാത്രം ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പായാൽ വിവാഹതിയതി നിശ്ചയിക്കും. എന്നിട്ട് വിവാഹദിവസം ഇരുകുടുംബങ്ങളും പാലത്തിന്റെ അപ്പുറമിപ്പുറമെത്തും. തുടർന്ന് വധുവും വരനും മാത്രം പാലത്തിലെത്തി താലികെട്ട് നടക്കും. ഇരുകരയിലും നിന്ന് കുടുംബങ്ങൾ നവദമ്പതികളെ ആശീർവദിക്കും. തുടർന്ന് വധു വരന്റെ ബന്ധുക്കൾക്കൊപ്പം ഭർതൃവീട്ടിലേക്ക് പോകും. ഇതാണ് പുതിയ 'ചടങ്ങ്'.
പൂജാരിക്കും ചടങ്ങിനു കാർമികത്വം വഹിക്കുന്ന മറ്റു പ്രമുഖരുമൊന്നും ഉണ്ടാകില്ല. പകരം ആരോഗ്യ, വനം, എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ മേൽനോട്ടത്തിലായിരിക്കും വിവാഹം നടക്കുക. മറയൂർ ബാബുനഗർ സ്വദേശി ഉണ്ണികൃഷ്ണനും തമിഴ്‌നാട് വത്തലഗുണ്ട് സ്വദേശി തങ്കമയിലും തമ്മിലാണ് പാലത്തിൽ ഏറ്റവും അവസാനം വിവാഹം നടന്നത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഇവിടെ നടന്ന വിവാഹം വാർത്തകളിൽ നിറഞ്ഞതോടെയാണ് പുതിയ ആശയം നാട്ടുകാർക്കിടയിൽ പ്രചരിച്ചത്.