കോവിഡില്ലാത്ത അമ്മ പ്രസവിച്ച കുഞ്ഞിന് വൈറസ് ബാധ; അമ്പരന്ന് ഡോക്ടര്‍മാര്‍
വാരാണസി സ്വദേശിയായ 26കാരി പ്രസവിച്ച കുഞ്ഞിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്
കോവിഡ് ബാധിതയല്ലാത്ത അമ്മ പ്രസവിച്ച കുഞ്ഞിന് വൈറസ് ബാധ സ്ഥിരീകരിച്ചു. വാരാണസിയിലെ ബനാറസ് സര്‍വകലാശാലയിലെ എസ്.എസ് ആശുപത്രിയില്‍ മേയ് 25നാണ് പ്രസവം നടന്നത്.
വാരാണസി സ്വദേശിയായ 26കാരി പ്രസവിച്ച കുഞ്ഞിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പ്രസവത്തിന് മുന്‍പ് യുവതിയെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. നെഗറ്റീവായിരുന്നു പരിശോധനാ ഫലം. എന്നാല്‍ മേയ് 25ന് യുവതി പ്രസവിച്ചപ്പോള്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് കുട്ടിയെ തനിക്ക് കൈമാറുന്നതിന് മുന്‍പ് സാമ്പിള്‍ എടുത്തതായി അച്ഛന്‍ അനില്‍ പ്രജാപതി പറയുന്നു. ഇത് അസാധാരണ നടപടിയാണ്. ഇതില്‍ ആശങ്കയുണ്ട്. പരിശോധന ഫലം തെറ്റാണെങ്കില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് അനില്‍ പ്രജാപതി പറയുന്നു. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണ്. ശിശുവിന് കോവിഡ് ബാധിച്ചതില്‍ ഞെട്ടിയിരിക്കുകയാണ് കുടുംബം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇത് അപൂർവമോ അസാധാരണമോ ആയ സംഭവമല്ലെന്ന് എസ്എസ്എൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ കെ ഗുപ്ത പറഞ്ഞു