കോവിഷീല്‍ഡും കോവാക്സിനും കൊറോണയുടെ ഇന്ത്യന്‍ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നു- പഠനം
വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്‍റെ തീവ്രത വളരെ കുറവാണെന്നാണ് പഠന റിപ്പോര്‍ട്ട്.
രാജ്യത്ത് ഉപയോഗത്തിലുള്ള കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും കൊറോണ വൈറസിന്‍റെ ഇന്ത്യന്‍ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുവെന്ന് പഠനം. വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്‍റെ തീവ്രത വളരെ കുറവാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി) നടത്തിയ പഠനത്തിലാണ് തെളിഞ്ഞത്.
"കൊറോണയുടെ ഇന്ത്യന്‍ വകഭേദത്തെ പഠന വിധേയമാക്കിയപ്പോള്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവരില്‍ രോഗബാധയുടെ തീവ്രത വളരെ കുറവാണെന്ന് കണ്ടെത്തി. രോഗപ്രതിരോധത്തെ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഈ വിവരം ഗുണംചെയ്യും" എന്നാണ് ഐ.ജി.ഐ.ബി ഡയറക്ടർ അനുരാഗ് അഗർവാൾ വ്യക്തമാക്കിയത്. സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് കൗണ്‍സിലിനു (സി.എസ്.ഐ.ആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഐ.ജി.ഐ.ബി. രാജ്യത്ത് വാക്സിനെടുത്തശേഷം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഐ.സി.എം.ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊറോണ വൈറസിന്‍റെ B.1.617 വകഭേദമാണ് പൊതുവെ ഡബിള്‍ മ്യൂട്ടന്‍റ് അഥവ ഇന്ത്യന്‍ വകഭേദമെന്ന് അറിയപ്പെടുന്നത്. യുകെ, ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച വൈറസുകളെക്കാള്‍ അപകടകാരിയാണ് ഇന്ത്യയില്‍ കണ്ടെത്തിയതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.
2020 ഒക്ടോബർ 25നാണ് ഇന്ത്യയിൽ ആദ്യമായി ഈ വൈറസ് വകഭേദത്തെ കണ്ടെത്തിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്ന മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് വൈറസിന്‍റെ ഈ വകഭേദം കൂടുതലായി കണ്ടു വരുന്നത്.
പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കുന്നതാണ് ഡബിള്‍ മ്യൂട്ടന്‍റിന്‍റെ പ്രത്യേകത. വൈറസിന്റെ മുന പോലെയുള്ള സ്‌പൈക് പ്രോട്ടീനിലാണ് പ്രധാനമായും ഇതില്‍ മാറ്റം വന്നിരിക്കുന്നത്. വൈറസ് മനുഷ്യ കോശങ്ങളുടെ ഉള്ളിലേക്ക് കടക്കുന്നത് ഈ സ്‌പൈക് പ്രോട്ടീന്‍ ഉപയോഗിച്ചാണ്. പുതിയ വ്യതിയാനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ കോശങ്ങളില്‍ കടക്കാന്‍ വൈറസിനെ സഹായിക്കുമെന്നാണ് കണ്ടെത്തല്‍.