'കോവിഡ് കണക്കിൽ കള്ളം വേണ്ട': ഉദ്യോഗസ്ഥർക്ക് സ്റ്റാലിന്റെ അന്ത്യശാസനം
ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്
ചെന്നൈ: കോവിഡ് കണക്കുകൾ സത്യസന്ധമായി നൽകണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഇക്കാര്യത്തിൽ കള്ളം വേണ്ടെന്നും സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
'എണ്ണത്തിൽ കള്ളം ചെയ്യേണ്ട കാര്യമില്ല. സത്യം പതിയെ പുറത്തുവരും. കോവിഡ് ഡാറ്റയിൽ കള്ളം വേണ്ടെന്ന് ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. നമുക്കത് വസ്തുതകളെ നേരിടാം' - സ്റ്റാലിൻ പറഞ്ഞു.
ഒരു ദശാബ്ദത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം പതറുന്ന വേളയിലാണ് ഡിഎംകെ നേതാവിന്റെ സ്ഥാനാരോഹണം. രാജ്യത്ത് കോവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച പത്തു സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. വെള്ളിയാഴ്ച 26000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ജനപ്രിയ പദ്ധതികളുമായി തുടക്കം
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ സ്റ്റാലിൻ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച നാല് പ്രധാന വാഗ്ദാനങ്ങൾ പാലിച്ചാണ് സ്റ്റാലിൻ മുഖ്യമന്ത്രി പദവിയിൽ ആദ്യ ഇന്നിങ്‌സിന് തുടക്കമിട്ടിരിക്കുന്നത്. മുഴുവൻ റേഷൻ കാർഡുടമകൾക്കും 4,000 രൂപയുടെ കോവിഡ് ആശ്വാസമാണ് ആദ്യ പ്രഖ്യാപനം. കോവിഡ് ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പാൽവില കുറയ്ക്കുകയും സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തുകയും ചെയ്തു.
ഡിഎംകെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു 4,000 രൂപയുടെ കോവിഡ് ധനസഹായം. 2.07 കോടി റേഷൻ കാർഡുടമകൾക്ക് രണ്ടു ഘട്ടങ്ങളിലായാണ് ഈ ധനസഹായം ലഭിക്കുക. കോവിഡ് കാരണമുണ്ടായ ദുരിതങ്ങൾക്കുള്ള താൽക്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഈ തുക നൽകുന്നത്. ആദ്യ ഘട്ടമായി ഈ മാസം തന്നെ 2,000 രൂപ ഓരോ കാർഡുടമകൾക്കും ലഭിക്കും. ഇതിലേക്കായി സർക്കാർ 4,153 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.