ജനങ്ങളെ മറന്ന് വാക്സിന്‍ കയറ്റി അയക്കുന്നത് കുറ്റകൃത്യമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

93 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നതായി പത്രമാധ്യമങ്ങളെ ഉദ്ധരിച്ച് സിസോദിയ പറഞ്ഞു.

Update: 2021-05-10 02:25 GMT
Editor : Suhail | By : Web Desk
Advertising

മഹാമാരി കാലത്ത് മരുന്നുകള്‍ കയറ്റി അയക്കുന്നത് കടുത്ത കുറ്റകൃത്യമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രതിച്ഛായ നിര്‍മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയക്കുന്നതിന് പകരം, രാജ്യത്ത് കാര്യക്ഷമമായി വിതരണം ചെയ്തിരുന്നെങ്കില്‍ വലിയ തരത്തിലുള്ള മരണ നിരക്ക് തടയാമായിരുന്നെന്നും സിസോദിയ കുറ്റപ്പെടുത്തി.

രാജ്യത്ത് ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശത്തേക്ക് മരുന്നുകള്‍ കയറ്റി അയച്ചത്. ഇമേജ് ബില്‍ഡിങ്ങിന്റെ ഭാഗം മാത്രമായിരുന്നു അത്. വലിയ കുറ്റകൃത്യമാണ് സര്‍ക്കാര്‍ ഇതുവഴി ചെയ്തതെന്നും മനിഷ് സിസോദിയ പി.ടി.ഐയോട് പറഞ്ഞു.

93 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നതായി പത്രമാധ്യമങ്ങളെ ഉദ്ധരിച്ച് സിസോദിയ പറഞ്ഞു. ഗുരുതര രോഗ വ്യാപനമില്ലാത്തിടത്തേക്കും സര്‍ക്കാര്‍ മരുന്നുകള്‍ കയറ്റി അയച്ചതായും ഉപമുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര കരാറുകള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ആരും തന്നെ സ്വന്തം രാജ്യത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുത്തിരുന്നില്ല. വാക്‌സിന്‍ ഇനിയും കയറ്റി അയക്കും മുന്‍പ് രാജ്യത്തെ എല്ലാവര്‍ക്കും കുത്തിവെപ്പ് ഉറപ്പ് വരുത്തണമെന്ന് താന്‍ അഭ്യര്‍ഥിക്കുന്നതായി സിസോദിയ പറഞ്ഞു.

നേരത്തെ, വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും വാക്‌സിന്‍ നിര്‍മാണം ഇരട്ടിപ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ്ജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News