ബംഗാളില്‍ ശനിയാഴ്ച്ച അഞ്ചാം ഘട്ട വോട്ടെടുപ്പ്
നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍
ബംഗാളില്‍ ശനിയാഴ്ച്ച അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കും. 45 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. നാലാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം ഉണ്ടായതിനാല്‍ അതീവ ജാഗ്രതയിലാണ് തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍. 319 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവശേഷിക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഒറ്റ ദിവസം നടത്തണമെന്ന് തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാഴാഴ്ച്ച സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.
നാലാം ഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിലും സംഘര്‍ഷത്തിലും നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാലു ബൂത്തുകളിലെ പോളിംഗ് മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് അഞ്ചാംഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 17നും ആറാംഘട്ടം ഏപ്രില്‍ 22നും ഏഴാംഘട്ടം ഏപ്രില്‍ 26നും എട്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും.