കോവിഡ്: ആറ് ദിവസത്തിനിടെ ഡൽഹി സർവകലാശാലയിലെ അഞ്ച് അധ്യാപകര്‍ മരിച്ചു
മാർച്ച് മുതൽ ഡൽഹി സർവകലാശാലയിലെ 33 അധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചതായി ഡൽഹി യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ
കഴിഞ്ഞ ആറ് ദിവസത്തിനകം ഡിപ്പാർട്ട്മെന്‍റ് മേധാവി ഉൾപ്പടെ അഞ്ച് അധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചതിന്‍റെ ഞെട്ടലിലാണ് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളും ജീവനക്കാരും. ദിവസങ്ങൾക്ക് മുമ്പ് എം.ഫിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാർഥിയും ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
മാർച്ച് മുതൽ ഡൽഹി സർവകലാശാലയിലെ 33 അധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചതായി ഡൽഹി യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ(ഡി.യു.ടി.എ) പറയുന്നു.
മരിച്ചവരിൽ രണ്ടുപേർ ദേശബന്ധു കോളജിലും രണ്ടു പേർ ദൗലറ്റ് കോളജിലും പ്രവർത്തിക്കുന്നവരാണ്. പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. വീണ കുക്രെജയും മരിച്ചവരിൽ പെടുന്നു. ദേശബന്ധു കേളേജിലെ ലൈബ്രറി അറ്റൻഡറും കോവിഡ് ബാധിച്ച് മരിച്ചതായി കോളേജ് പ്രിൻസിപ്പാൾ രാജീവ് അഗർവാൾ പറഞ്ഞു. മുപ്പത്തിയഞ്ച് വർഷമായി അധ്യാപനം നടത്തി വരുന്ന വീണ കുക്രെജയുടെ മരണത്തിൽ വിദ്യാർഥികളും സഹപ്രവർത്തകരം ദുഖം രേഖപ്പെടുത്തി.
അതിനിടെ, കോവിഡ് ഭീതിക്കിടെ, നിലവിലെ സെമസ്റ്റർ നീട്ടിവെക്കാനും, താൽകാലികമായി നിർത്തിവെച്ച ഓൺലൈൻ ക്ലാസുകൾ തത്സ്ഥിതിയിൽ തുടരാനും ആവശ്യപ്പെട്ടുകൊണ്ട് ഡി.യു.ടി.എ വി.സി പി.സി ജോഷിക്ക് കത്തെഴുതി. ഡൽഹിയിലെ മറ്റു യൂണിവേഴ്സിറ്റികളും കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരിക്കുകയാണ്.