റോക്കറ്റാക്രമണം പ്രതിരോധത്തിന്റെ ഭാഗം; ഫലസ്ഥീന് പിന്തുണ അറിയിച്ച് അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ
ഫലസ്ഥീനികള്‍ക്ക് പ്രതിരോധമായി തങ്ങളുടെ സൈന്യത്തെ ഇറക്കാൻ ഒരു അറബ് രാജ്യവും ഒരുക്കമല്ലെന്ന് കൂട്ടായ്മ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി
ഫലസ്ഥീൻ പ്രതിരോധത്തിന് പിന്തുണ അറിയിച്ച് എഴുത്തുകാരുടെയും കലാകാരന്മാരുടെയും രാഷ്ട്രീയപ്രവർത്തകരുടെയും കൂട്ടായ്മ. അരുന്ധതി റോയിയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മയാണ് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫലസ്ഥീൻ നടത്തുന്ന റോക്കറ്റാക്രമണങ്ങൾ പ്രതിരോധത്തിന്റെ ഭാഗമാണെന്നും അതിനു രാജ്യാന്തര നിയമങ്ങളുടെ പിന്തുണയുണ്ടെന്നും കൂട്ടായ്മ വാർത്താകുറിപ്പിൽ പറഞ്ഞു.
മെയ് തുടക്കത്തിൽ ശൈഖ് ജർറാഹിൽനിന്ന് ഫലസ്ഥീനികളെ നിയമവിരുദ്ധമായി കുടിയൊഴിപ്പിക്കാൻ ഇസ്രായേൽ ശ്രമിച്ചു. നിരന്തരമായ 'നക്ബ'യുടെ തുടർച്ചയാണിത്. മുൻപ് ഇസ്രായേലിൽനിന്ന് പുറത്താക്കപ്പെട്ടപ്പോൾ ശൈഖ ജർറാഹിൽ താമസമാക്കിയവരാണ് ഇപ്പോൾ അവിടെനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നത്. ഇതിന്റെ പ്രതികരണമായി ഗസ്സയിലെ ഫലസ്ഥീനികൾ ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ അധിനിവേശത്തിനെതിരെ രാജ്യാന്തര നിയമങ്ങളുടെ പിൻബലമുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റോക്കറ്റാക്രമണമുണ്ടായത്. ഇസ്രായേലിന്റെ അതിശക്തമായ പ്രത്യാക്രമണത്തിൽ കുട്ടികളടക്കം സാധാരണക്കാരാണ് കൊല്ലപ്പെട്ടിട്ടുണ്ടെന്നും വാർത്താകുറിപ്പിൽ പറയുന്നു.
ഫലസ്ഥീനികളെ പ്രതിരോധിക്കാനായി തങ്ങളുടെ സൈന്യത്തെ ഇറക്കാൻ ഒരു അറബ് രാജ്യവും ഒരുക്കമല്ലെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. ഗസ്സ മുനമ്പിനു മുകളിൽ വ്യോമനിയന്ത്രണ മേഖല ഏർപ്പെടുത്താൻ ഈജിപ്ഷ്യൻ വ്യോമസേനയ്ക്ക് എളുപ്പമാണെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
അരുന്ധതി റോയിക്കു പുറമെ സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് നയൻതാര സെഹ്ഗാൾ, നടന്മാരായ നസീറുദ്ദീൻ ഷാ, രത്‌നപഥക് ഷാ, നോവലിസ്റ്റ് ഗീതാ ഹരിഹരൻ, സാമ്പത്തിക വിദഗ്ധൻ പ്രഭാത് പട്‌നായിക്, മുഹമ്മദ് യൂസുഫ് തരിഗാമി, ഐജാസ് അഹ്മദ്, സുഭാഷിണി അലി, സുധൻവ ദേശ്പാണ്ഡെ, വിജയ് പ്രസാദ് തുടങ്ങിയവരാണ് കൂട്ടായ്മയിലുള്ളത്.