മുസ്‍ലിം വയോധികന്‍ ആക്രമിക്കപ്പെട്ടതിനെ കുറിച്ചുള്ള ട്വീറ്റ്: മാധ്യമപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ട്വിറ്ററിനുമെതിരെ കേസ്

ഒന്‍പത് പേരെയാണ് പ്രതി ചേര്‍ത്തത്

Update: 2021-06-16 03:30 GMT
Advertising

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ മുസ്​ലിം വയോധികൻ ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തതിന്‍റെ പേരില്‍ കേസെടുത്ത് യു.പി പൊലീസ്​. ട്വിറ്റര്‍, കോണ്‍ഗ്രസ് നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് പ്രതി ചേര്‍ത്തത്. സംഭവത്തെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് എഫ്ഐആറില്‍ പറയുന്നത്.

ഓണ്‍ലൈന്‍ മാധ്യമമായ ദ വയർ, മാധ്യമപ്രവര്‍ത്തകരായ റാണ അയൂബ്​, മുഹമ്മദ്​ സുബൈർ, സാബ നഖ്​വി, കോണ്‍ഗ്രസ് നേതാക്കളായ ഡോ.ഷമ മുഹമ്മദ്​, സൽമാൻ നിസാമി, മസ്​കൂർ ഉസ്​മാനി എന്നിവര്‍ക്കെതിരെയും ട്വിറ്ററിനെതിരെയുമാണ് കേസെടുത്തത്. കലാപത്തിന് പ്രേരിപ്പിക്കല്‍, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെയാണ്- "സാമുദായിക സൌഹാര്‍ദം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ട്വീറ്റുകള്‍. ഹിന്ദുക്കളും മുസ്‍ലിംകളും തമ്മില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചു. പ്രതികള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് സൂചന നല്‍കുന്നു. തെറ്റായ ട്വീറ്റുകള്‍ ആയിരക്കണക്കിന് പേര്‍ റീട്വീറ്റ് ചെയ്തു. സത്യം മനസ്സിലാക്കാന്‍ ശ്രമിക്കാതെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഇക്കാര്യം പൊലീസ് വ്യക്തമാക്കിയിട്ടും ട്വീറ്റ് ചെയ്തവരോ ട്വിറ്ററോ ആ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറായതുമില്ല".

വൃദ്ധനായ അബ്ദുല്‍ സമദ് സൈഫിയെ പള്ളിയില്‍ പോകുന്നതിനിടെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ജൂണ്‍ 5ന് ആയിരുന്നു സംഭവം. സമദിനെ യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. മർദനത്തിനിടെ അക്രമികൾ ജയ് ശ്രീറാം, വന്ദേ മാതരം മുദ്രാവാക്യങ്ങൾ വിളിക്കുകയും സമദിനെ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അക്രമികളിലൊരാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി സമദിന്റെ താടി മുറിച്ചു കളയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലെത്തി. മൂന്ന് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ കുറിച്ച് 72കാരനായ ഫൈസി പറയുന്നതിങ്ങനെ- "ഞാൻ നടന്നു പോകുന്ന വഴിയിൽ എന്നോട് ഓട്ടോയില്‍ കയറുന്നോ എന്ന് ചോദിച്ചു. രണ്ടു പേര്‍ കൂടി പിന്നാലെ ഓട്ടോയിൽ കയറി. കുറച്ച് കഴിഞ്ഞ് അവർ എന്നെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു. അവർ എന്റെ മൊബൈൽ ഫോൺ കൊണ്ട് പോവുകയും കത്തി കൊണ്ട് താടി മുറിച്ചു മാറ്റുകയും ചെയ്തു. മുസ്‌ലിംകൾ ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ചു. മുൻപ് മുസ്‌ലിംകളെ കൊന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു".

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News