കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹരിദ്വാറിൽ ഗംഗാസ്നാനം; പങ്കെടുത്തത് നൂറുകണക്കിന് പേർ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഗംഗാ തീരത്ത് സ്നാനത്തിനെത്തിയത് നിരവധി പേർ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും ഉത്തർ പ്രദേശിലെ ഫാറൂഖാബാദിലുമാണ് നൂറുകണക്കിന് പേർ ഗംഗാ ദസറയുടെ ഭാഗമായി ഇന്ന് സ്നാനത്തിനെത്തിയത്.
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചാണ് ഗംഗാ സ്നാനം നടന്നതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. മാസ്കുകൾ ധരിക്കാതെയാണ് ഫാറൂഖാബാദിലെ പഞ്ചാൽ ഘാട്ടിൽ ഭക്തർ സ്നാനത്തിനെത്തിയത്. എല്ലാക്കൊല്ലവും സമീപ ജില്ലകളിൽ നിന്നുള്ള നവധി പേർ ദസറ ആഘോഷങ്ങളുടെ ഭാഗമായി ഗംഗാ സ്നാനത്തിനായി ഇവിടെ എത്താറുണ്ട്.
"ഗംഗാ സ്നാനത്തിനായി വലിയൊരു ആൾക്കൂട്ടം തന്നെയുണ്ട്. എല്ലാവരും അശ്രദ്ധരാണ്."സ്നാനത്തിനായി എത്തിയ ഗൗരവ് പറഞ്ഞു. "ആരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഞാൻ ജാഗരൂകനാണ്, അതിനാൽ തന്നെ ഞാൻ മാസ്ക് ധരിക്കുന്നുണ്ട്. ഇവിടേക്ക് വരുന്നവരോട് മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ഞാൻ അഭ്യർത്ഥിക്കുകയാണ്. കൊറോണവൈറസ് ഇതുവരെ പോയിട്ടില്ല" - ഗൗരവ് പറഞ്ഞു.
ഗംഗ ദസറയിൽ പങ്കെടുക്കാനായി ഹരിദ്വാറിലെ ഹർ കി പൗരി ഘാട്ടിലും നിരവധി ഭക്തരാണെത്തിയത്. ഇവിടെയും മാസ്കുകൾ ഇല്ലാതയും സാമൂഹിക അകലം പാലിക്കാതെയുമാണ് ഭക്തർ സ്നാനത്തിൽ പങ്കെടുക്കാനെത്തിയത്.
"തങ്ങളുടെ വീടുകൾക്ക് സമീപം തന്നെ സ്നാനം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ആർ.ടി. പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് അതിർത്തികളിൽ പ്രവേശനം നൽകുന്നത്. ഘട്ടുകളിൽ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു."- സർക്കിൾ ഓഫിസർ പറഞ്ഞു. ഹൈന്ദവ മാസമായ ജ്യേഷ്തയിലാണ് ഗംഗാ ദസറ ആചരിക്കുന്നത്.
ചിത്രങ്ങൾക്ക് കടപ്പാട്: ഇന്ത്യ ടുഡേ