'ഭരണഘടനയില്‍ ഇപ്പോഴും വിശ്വാസം': നീതിവേണമെന്ന് സിദ്ദിഖ് കാപ്പന്‍

മഥുരയിലെ കോടതിയില്‍ നിന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാപ്പന്‍റെ പ്രതികരണം.

Update: 2021-06-16 11:53 GMT
Advertising

തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ് വ്യാജമെന്ന് മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. തനിക്ക് നീതി നിഷേധിക്കുകയാണെന്നും ഭരണഘടനയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും കാപ്പൻ കൂട്ടിച്ചേര്‍ത്തു. മഥുരയിലെ കോടതിയില്‍  നിന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാപ്പന്‍റെ പ്രതികരണം. 

ഹാഥ്റസിൽ സമാധാനം തകര്‍ക്കാൻ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കാപ്പനെതിരെയുള്ള കുറ്റം മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ സിദ്ദിഖ് കാപ്പനും മറ്റ് മൂന്നു പേര്‍ക്കുമെതിരെ ഉത്തര്‍ പ്രദേശ് പൊലീസ് ആദ്യം ആരോപിച്ച കുറ്റങ്ങളില്‍ ഒന്നായിരുന്നു സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നത്.

ക്രിമിനല്‍ നടപടിച്ചട്ടം 116 (6) പ്രകാരമുള്ള ഈ കുറ്റത്തിന്മേല്‍ ആറു മാസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കാന്‍ യു.പി. പൊലീസിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മഥുര സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് രാംദത്ത് റാം ഈ കുറ്റത്തിന്മേലുള്ള നടപടികള്‍ അവസാനിപ്പിച്ചത്. അതേസമയം, ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെതിരെ ചുമത്തിയ രാജ്യദ്രോഹം, യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കിയിട്ടില്ല. എട്ടരമാസത്തോളമായി കാപ്പന്‍ ജയിലില്‍ തുടരുകയാണ്. 

പ്രതികള്‍ക്കെതിരായ ഒരു കുറ്റം കോടതി റദ്ദാക്കിയത് തിരിച്ചടിയല്ലെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. കേസിന്‍റെ മെറിറ്റില്‍ അല്ല മറിച്ച് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടിയെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.  എന്നാല്‍ തുടര്‍ന്നുള്ള കേസ് നടത്തിപ്പിൽ ഇപ്പോഴത്തെ കോടതി വിധി സഹായകമാകുമെന്ന വിലയിരുത്തലിലാണ് കാപ്പന്‍റെ അഭിഭാഷകര്‍. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News