കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ
മരുന്നുകളുടെയും ഓക്സിജന്‍റെയും ക്ഷാമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. മരുന്നുകളുടെയും ഓക്സിജന്‍റെയും ക്ഷാമം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുന്നു. തമിഴ്നാട്ടിൽ ഓക്സിജൻ ലഭിക്കാതെ 7 കോവിഡ് രോഗികൾ മരിച്ചു.
കോവിഡ് രോഗവ്യാപനത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം. ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. മരണനിരക്കും കുതിച്ചുയരുന്നു. വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കണമെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴും സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാവുകയാണ്. ഓക്സിജന്‍റെയും ഐ.സി.യു കിടക്കകളുടെയും ലഭ്യതക്കുറവ് പല സംസ്ഥാനങ്ങൾക്കും വെല്ലുവിളിയാവുന്നു. തമിഴ്നാട്ടിലെ വെല്ലൂർ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 7 കോവിഡ് രോഗികൾ മരിച്ചു. സംഭവത്തിൽ ജില്ലാ കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഓക്സിജൻ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ ഇന്ന് മുതൽ രാത്രി കാല കർഫ്യൂ നിലവിൽ വരും.
അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരള അതിർത്തിയിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കാൻ തമിഴ്‌നാട് സർക്കാർ നിർദ്ദേശം നൽകി.ഡൽഹിയിൽ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിൽ മെയ് മൂന്ന് വരെ സമ്പൂർണ ലോക്ഡൗണ്‍. ഉത്തർപ്രദേശിൽ 5 നഗരങ്ങളിൽ ലോക്ഡൗണ്‍ നടപ്പാക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഒഡീഷയിലും വാരാന്ത്യ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇതിനിടെ ഡൽഹിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനം തുടരുകയാണ്. റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും തൊഴിലാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.