യു.എന്‍ രക്ഷാസമിതിയില്‍ ഫലസ്തീനെ പിന്തുണച്ച് ഇന്ത്യ
പ്രശ്നപരിഹാരത്തിനായി രാജ്യാന്തര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇന്ത്യ
ഫലസ്തീന്‍ പ്രശ്‌നം പുകയുന്നതിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തെ എതിര്‍ത്തും ഫലസ്തീന് പിന്തുണ നല്‍കിയും യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവും മുന്‍പ് ഇരുവിഭാഗവും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു.
ഇരുവിഭാഗവും അത്മനിയന്ത്രണം പാലിച്ച് അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. ജറുസലമിലും പരിസരങ്ങളിലും തത്സ്ഥിതി തുടരണമെന്ന് പറഞ്ഞ ഇന്ത്യ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും അറിയിച്ചു.
ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണവും ഗസ്സയിൽനിന്നുള്ള ഹമാസിന്‍റെ റോക്കറ്റാക്രമണവും അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പുതിയ സാഹചര്യത്തില്‍ ഇസ്രായേലിനും ഫലസ്തീനുമിടയില്‍ ചര്‍ച്ച പുനരാരംഭിക്കേണ്ടതുണ്ട്. പ്രശ്നപരിഹാരത്തിനായി രാജ്യാന്തര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും ഇന്ത്യ യു.എന്നില്‍ പറഞ്ഞു.
അതിനിടെ ഫലസ്തീനില്‍ ഇസ്രായേല്‍ അക്രമണം തുടരുകയാണ്. ഒരാഴ്ച പിന്നിട്ട ആക്രമണത്തിൽ 58 കുട്ടികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയിൽ 10 പേർ മരിച്ചതായി ഇസ്രായേൽ വ്യക്തമാക്കി.