കുഞ്ഞിനെ രക്ഷിക്കൂ എന്ന മാതാപിതാക്കളുടെ യാചന ആരും കേട്ടില്ല; കോവിഡ് ബാധിച്ച ഒന്നര വയസ്സുകാരി മരിച്ചു
ഒരുപാട് ആശുപത്രികള്‍ കയറിയിറങ്ങി, എവിടെയും ചികിത്സ കിട്ടിയില്ലെന്ന് കുഞ്ഞിന്‍റെ മാതാപിതാക്കള്‍
ആശുപത്രിയില്‍ പ്രവേശനം ലഭിക്കാനായി ആംബുലന്‍സില്‍ കാത്തുകിടന്ന, കോവിഡ് ബാധിച്ച ഒന്നര വയസ്സുകാരി മരിച്ചു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.
ഇന്നലെ വൈകിട്ടാണ് ദാരുണമായ സംഭവമുണ്ടായത്. കോവിഡ് ബാധിച്ചതിന് പിന്നാലെ ശ്വാസതടസ്സം അനുഭവപ്പെട്ട ഒന്നര വയസ്സുകാരി സരിതയെയും കൊണ്ട് മാതാപിതാക്കള്‍ക്ക് കിങ് ജോര്‍ജ് ആശുപത്രിക്ക് മുന്നില്‍ കാത്തുനില്‍ക്കേണ്ടിവന്നു. കുഞ്ഞിന് ചികിത്സ നല്‍കണമെന്ന് അവര്‍ ആശുപത്രി അധികൃതരോട് യാചിച്ചു. അംബു ബാഗിന്‍റെ സഹായത്തോടെ കുഞ്ഞിന്‍റെ അച്ഛന്‍ വീര ബാബു ഓക്സിജന്‍ പമ്പ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
എന്‍റെ കുഞ്ഞിനെ ഒന്ന് രക്ഷിക്കൂ. ആരെങ്കിലും ഒന്ന് സഹായിക്കൂ. അവളെ റോഡില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇങ്ങനെയാണോ ഡോക്ടര്‍മാര്‍ ചെയ്യേണ്ടത്? ഒരുപാട് ആശുപത്രികള്‍ കയറിയിറങ്ങി. എവിടെയും ചികിത്സ കിട്ടിയില്ല. 104ല്‍ വിളിക്കാനാണ് പറഞ്ഞത്. പക്ഷേ ആരും ഫോണെടുത്തില്ല.", കുഞ്ഞിന്‍റെ അമ്മ കരഞ്ഞുപറഞ്ഞു. കിങ് ജോര്‍ജ് ആശുപത്രിക്ക് മുന്നില്‍ നിന്ന് യാചിച്ച് 90 മിനിട്ടുകള്‍ക്ക് ശേഷമാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. അപ്പോഴേക്കും കുഞ്ഞിന്‍റെ ശ്വാസം നിലച്ചിരുന്നു.
കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ചികിത്സയില്‍ ചെറിയ കാലതാമസമുണ്ടായെന്ന് മെഡിക്കല്‍ സൂപ്രണ്ട് പി മൈഥിലി പറഞ്ഞെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അല്ലാതെ ചികിത്സ നിഷേധിച്ചിട്ടില്ല. ഇന്നലെ ഉച്ച കഴിഞ്ഞ് 3.40നാണ് കുഞ്ഞിനെ ഗുരുതരാവസ്ഥയില്‍ കൊണ്ടുവന്നത്. 4 മണിയോടെ ഡോക്ടര്‍ പരിശോധിച്ചു. കുഞ്ഞിന് ന്യൂമോണിയയും ബാധിച്ചിരുന്നു. 5.10ഓടെയാണ് മരണം സംഭവിച്ചതെന്ന് ജില്ലാ കലക്ടര്‍ വിനയ് ചന്ദ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസമായി കുഞ്ഞിന് സുഖമില്ലായിരുന്നു. ആദ്യ ആന്‍രിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. പനി വിട്ടുമാറാതിരുന്നതോടെ വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. പല ആശുപത്രികളിലും പോയെങ്കിലും എവിടെയും പ്രവേശനം കിട്ടിയില്ല. ഇന്നലെ കുഞ്ഞിന്‍റെ ആരോഗ്യം കൂടുതല്‍ മോശമായതോടെയാണ് മാതാപിതാക്കള്‍ കിങ് ജോര്‍ജില്‍ എത്തിയത്.