'അവളൊരുപാട് വേദന തിന്നുകാണും, അതെന്താണെന്ന് പ്രകടിപ്പിക്കാന്‍ പോലും അവള്‍ക്ക് കഴിയില്ലല്ലോ..'
അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ചുമരിച്ചു
കോവിഡ് ബാധിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. അഞ്ച് മാസം മാത്രം പ്രായമുള്ള പാരി എന്ന കുഞ്ഞാണ് മരിച്ചത്. വെന്‍റിലേറ്ററില്‍ ആറ് ദിവസമായി ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്‍റെ മരണം. ഡല്‍ഹിയിലാണ് സംഭവം.
"അവള്‍ ഒരുപാട് വേദന അനുഭവിച്ചുകാണും. അതെന്താണെന്ന് ഞങ്ങളോട് പറയാന്‍ പോലും അവള്‍ക്ക് ആവില്ലല്ലോ. അപകടകാരിയായിരുന്നു ആ വൈറസ്. അവളുടെ ശ്വാസകോശം തകര്‍ത്തുകളഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല"- അച്ഛന്‍ പ്രഹ്ളാദ് പറഞ്ഞു.
"ആ കുഞ്ഞിന്‍റെ സംസ്കാരത്തിനിടെ ഞങ്ങളെല്ലാം കരഞ്ഞുപോയി. യുവാക്കളെ മാരകമായി വൈറസ് ആക്രമിക്കുകയാണ്. മതിയായ ചികിത്സ പലര്‍ക്കും കിട്ടുന്നുമില്ല. ആ കുഞ്ഞ് ഒരു മാലാഖ ആയിരുന്നു"- കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ സഹായിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ജിതേന്ദര്‍ സിങ് പറഞ്ഞു. പാരിയുടെ മൂന്ന് വയസ്സുള്ള ചേട്ടന്‍ കുഞ്ഞനിയത്തി പോയത് അറിയാതെ അവളെവിടെയെന്ന് ചോദിച്ചുകൊണ്ടിരിക്കുകയാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗബാധിതരായി മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുകയാണ്. കോവിഡിന്‍റെ മൂന്നാം തരംഗം ഉണ്ടാകുമെന്നും അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് കുഞ്ഞുങ്ങളെയാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതിനിടെ 2-18 വയസ്സുള്ള കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനകം ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകും. കോവാക്സിന്‍റെ ഒന്നാം ഘട്ട പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച ശേഷമാണ് രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കിയത്. മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളിലെ വാക്സിന്‍ പരീക്ഷണത്തിന്‍റെ വേഗത കൂട്ടിയത്.