യു.പിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് യു.പി സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിന് അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.
ജൂണ്‍ 13നാണ് സംഭവം. കത്ര റോഡിലാണ് ശ്രീവാസ്തവയെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡ് അപകടത്തിലാണ് ശ്രീവാസ്തവയ്ക്ക് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു.
ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സുലഭ് ശ്രീവാസ്തവ എഡിജിക്കും എസ്പിക്കും പരാതി നല്‍കിയത്. മദ്യ മാഫിയയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നുമാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യ യൂണിറ്റില്‍ നടന്ന റെയ്ഡിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മദ്യ മാഫിയ തന്‍റെ പിന്നാലെ കൂടി. പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം ആരോ തന്നെ പിന്തുടരുന്നുണ്ടെന്നും അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ബൈക്കില്‍ പോകുന്നതിനിടെ അപകടത്തില്‍ ശ്രീവാസ്തവക്ക് പരിക്കേറ്റെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകനാണ് ആശുപത്രിയിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും അപായപ്പെടുത്താന്‍ ശ്രമിച്ചോ എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
മദ്യമാഫിയ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്നിട്ടും യു.പി സര്‍ക്കാര്‍ ഉറങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തിന്‍റെ കണ്ണീരിന് ആര് ഉത്തരം പറയുമെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.