രാജ്യത്തെ ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഗൂഗിള്‍; നിയമനടപടിയുമായി കര്‍ണാടക സര്‍ക്കാര്‍

വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.

Update: 2021-06-03 15:58 GMT
Advertising

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയെന്ന് ഉത്തരം നല്‍കി ഗൂഗിൾ സെർച്ച് എഞ്ചിന്‍. ഗൂഗിളിന്‍റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയർന്നതോടെ വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. 

ഒരു വെബ്സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിൾ നൽകിയിരുന്നത്. ഇതേതുടർന്ന് ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്തു. വ്യാപക വിമർശനം ഉയർന്നതോടെ ഇന്നു വൈകിട്ട് ഗൂഗിൾ വെബ്സൈറ്റില്‍ നിന്നെടുത്ത ഉത്തരം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതിനോടകം ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്‍റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കന്നടിഗർ രംഗത്തുവരികയായിരുന്നു. 

സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. കന്നട ഭാഷയ്ക്ക് അതി​ന്‍റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വർഷത്തിന്‍റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭാഷകൾക്കെതിരായ ഇത്തരം വിദ്വേഷം നേരത്തെ തന്നെ നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലെയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഗൂഗിൾ മാപ്പുപറയണമെന്നാണ് ബംഗളൂരു സെൻട്രലിൽനിന്നുള്ള ലോക്സഭാംഗം പി.സി. മോഹന്‍ ആവശ്യപ്പെട്ടത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News