ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ്

ഹൈദരാബാദില്‍ എട്ട്​ ഏഷ്യൻ സിംഹങ്ങൾക്ക്​ നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Update: 2021-05-13 04:28 GMT
Advertising

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ മൃഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു. ഹൈദരാബാദ്​ മൃഗശാലയിലെ എട്ട്​ ഏഷ്യൻ സിംഹങ്ങൾ കോവിഡ് പോസിറ്റീവായതിനു പിന്നാലെ ജയ്​പുർ മൃഗ​ശാലയിലെ സിംഹത്തിനും​ രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. 

ജയ്​പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന്​ രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച്​ ഇൻസ്റ്റിറ്റ്യൂട്ട്​ (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ്​ പരിശോധനയ്ക്ക്​ അയച്ചിരുന്നത്​. ഇതിൽ മൂന്നു​ സിംഹവും മൂന്നു​ കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക്​ അയച്ചിരിക്കുകയാണ്​.

അതേസമയം, പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽനിന്ന്​ ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ഐ.വി.ആർ.ഐ ജോയിന്‍റ്​ ഡയറക്​ടർ കെ.പി. സിങ്​ പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക്​ പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഹൈദരാബാദ്​ മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മൃഗശാല അടച്ചിടുകയും ജീവനക്കാർ​ ആവശ്യ​മായ മുൻകരുതലുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച സിംഹങ്ങൾ സുഖം പ്രാപിച്ച്​ വരുന്നതായാണ്​ വിവരം.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News