മിസോറാമില്‍ നാളെ മുതല്‍ ഈ മാസം 11 വരെ ലോക്ക് ഡൗൺ

പുറത്തുനിന്നുള്ളവര്‍ മിസോറാമിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Update: 2021-05-02 15:37 GMT
Editor : ijas
Advertising

മിസോറാമില്‍ നാളെ മുതല്‍ ഈ മാസം 11 വരെ ലോക്ക് ഡൗൺ. തലസ്ഥാനമായ ഐസ്വാേളടക്കമുള്ള 11 ജില്ലകളിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്‍റെ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും മിസോറാം ചീഫ് സെക്രട്ടറിയുമായ ലാല്‍നണ്‍മവിയ ഉത്തരവ് പുറത്തിറക്കി. 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായ രീതിയില്‍ കുതിക്കുന്ന സാഹചര്യത്തിലും നിലവില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ വര്‍ധിച്ചതും കാരണമാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതെന്ന് ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു. പുതിയ ഉത്തരവിലൂടെ സംസ്ഥാനത്ത് ജനസഞ്ചാരമടക്കം തടഞ്ഞുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. അതെ സമയം അവശ്യ സര്‍വീസുകള്‍ക്ക് ലോക്ക് ഡൗണില്‍ ഇളവുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നു. നാളെ രാവിലെ 4 മണി മുതല്‍ മെയ് മൂന്ന് രാവിലെ നാല് വരെയാണ് ലോക്ക് ഡൗണ്‍ നിലവില്‍ വരിക.

ഐസ്വോള്‍ മുനിസിപ്പാലാറ്റിക്ക് കീഴിലുള്ളവരും മറ്റു ജില്ലയിലുള്ളവരും വീടിന് പുറത്തേക്ക് ഇറങ്ങാന്‍ നിയന്ത്രണങ്ങളുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ സംസ്ഥാനത്തിന് അകത്ത് സഞ്ചരിക്കുന്നതിനും പുറത്തേക്ക് പോവുന്നതും പുതിയ ഉത്തരവ് പ്രകാരം അനുവദിക്കുന്നതല്ല. പുറത്തുനിന്നുള്ളവര്‍ മിസോറാമിലേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക എന്‍ട്രി പോയിന്‍റിലൂടെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കൂ. ഇങ്ങനെ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും റാപിഡ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കുറഞ്ഞ ദിവസത്തേക്കാണ് സംസ്ഥാനത്തേക്ക് വരുന്നതെങ്കില്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമല്ലെന്നും അല്ലാത്തവര്‍ക്ക് ഇവ നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

മിസോറാമില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ച 6132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 57 പേര്‍ കോവിഡില്‍ നിന്നും മുക്തരായി. ഇത് വരെ 4983 പേരാണ് സംസ്ഥാനത്ത് കോവിഡില്‍ നിന്നും മോചിതരായത്. 81.26 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്ക്. 15 പേരാണ് ഇത് വരെ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

Tags:    

Editor - ijas

contributor

Similar News