യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദും ഗോരക്ഷാ പ്രചാരണങ്ങളും ഫലിക്കില്ലെന്ന് രാഷ്ട്രീയ ലോക്ദൾ

കർഷക സമരങ്ങളോടു കാണിക്കുന്ന അലംഭാവത്തിന് ബിജെപിക്ക് വിലകൊടുക്കേണ്ടി വരുമെന്ന് ആർഎൽഡി തലവൻ ജയന്ത് ചൗധരി സൂചിപ്പിച്ചു

Update: 2021-06-13 10:21 GMT
Editor : Shaheer | By : Web Desk
Advertising

വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദും ഗോരക്ഷാ പ്രചാരണങ്ങളും ഫലം കാണില്ലെന്ന് രാഷ്ട്രീയ ലോക്ദൾ(ആർഎൽഡി). കർഷക പ്രതിഷേധത്തിനെതിരെ തുടരുന്ന ഉദാസീന നയത്തിന് ബിജെപിക്ക് വിലകൊടുക്കേണ്ടിവരുമെന്നും ആർഎൽഡി തലവൻ ജയന്ത് ചൗധരി വ്യക്തമാക്കി.

ലൗ ജിഹാദ്, പശു ഭീകരത, കൈരാന കൂട്ടപ്പലായനം അടക്കമുള്ള ഉപകാരമില്ലാത്ത കൃത്രിമ വിഷയങ്ങൾ ജനങ്ങൾ തള്ളിക്കളയും. ആരോഗ്യപരിചരണം, വിദ്യാഭ്യാസം, സന്തുലിത വികസനം പോലെയുള്ള വിഷയങ്ങൾക്കാണ് തെരഞ്ഞെടുപ്പിൽ വിജയമുണ്ടാകുക. സാമുദായിക ധ്രുവീകരണ പ്രചാരണങ്ങൾ സംസ്ഥാനത്തെ നശിപ്പിക്കാൻ ആർഎൽഡി അനുവദിക്കില്ല-വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ജയന്ത് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധം ക്രൂരമാണ്. ഗംഗയിൽ ഒഴുകിയ മൃതദേഹങ്ങളുടെ ചിത്രം ഒരാൾക്കും മറക്കാനാകില്ല. നേതൃതലപ്പത്ത് ഒന്നോ രണ്ടോ പേരെ മാറ്റിയതുകൊണ്ടു മാത്രം സോഷ്യൽ എൻജിനീയറിങ് സാധ്യമാകില്ല. യുപിയിലെ ബിജെപി ഭരണകൂടം ജാതി അടിസ്ഥാനത്തിലുള്ള ഗർഭാശയത്തിൽപെട്ടു കിടക്കുകയാണ്. ജനങ്ങള്‍ക്ക് ജോലി നൽകുകയോ സാമ്പത്തിക വളർച്ച കൊണ്ടുവരികയോ കൃത്യമായ ഭരണനിർവഹണം നടത്തുകയോ ഒന്നും ചെയ്തിട്ടില്ല അവര്‍-ജയന്ത് ചൗധരി കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളെക്കുറിച്ചും അഭിമുഖത്തിൽ ജയന്ത് ചൗധരി പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ഉയർത്തേണ്ട വിഷയങ്ങളെക്കുറിച്ചാണ് ആദ്യം ചർച്ച വേണ്ടത്. അതിനനുസരിച്ചാകും സഖ്യരൂപീകരണമുണ്ടാകുക. പൊതുവായ ചട്ടക്കൂടിൽ പ്രവർത്തിക്കുന്നതിൽ ആരൊക്കെ സത്യസന്ധത പുലർത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും സഖ്യത്തിൽ കക്ഷികളെ ഉൾപ്പെടുത്തുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News