ലോക്ക്ഡൗണ്‍ ലംഘനം; വിവാഹത്തില്‍ പങ്കെടുത്തവരെ തവളച്ചാട്ടം ചെയ്യിച്ച് മധ്യപ്രദേശ് പൊലീസ്- വീഡിയോ

മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലാണ് മുന്നൂറോളം പേര്‍ വിവാഹത്തില്‍ പങ്കെടുത്തത്.

Update: 2021-05-20 11:37 GMT
Advertising

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവാഹാഘോഷത്തില്‍ പങ്കെടുത്തവരെ തവളച്ചാട്ടം ചെയ്യിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ ഉമാരി ഗ്രാമത്തിലാണ് സംഭവം. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വിവാഹ വേദിയിൽ പരിശോധന നടത്തിയ പൊലീസ് സംഘമാണ് അതിഥികളെ തവളച്ചാട്ടം ചെയ്യിച്ചത്. 

മുന്നൂറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. പൊലീസ് പരിശോധന വന്നതിനു പിന്നാലെ ഇവരില്‍ ചിലര്‍ രക്ഷപ്പെടാനും ശ്രമിച്ചു. അതിഥികള്‍ തവളച്ചാട്ടം ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പതിനെട്ടോളം പുരുഷന്മാരാണ് ദൃശ്യങ്ങളിലുള്ളത്. ശിക്ഷ വിധിച്ച പൊലീസുദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം.

ബിഹാറിലെ കിഷന്‍ഗഞ്ചിലും സമാന സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച യുവാക്കളെ ഒരു മാര്‍ക്കറ്റിനു നടുവിലൂടെ കൈമുട്ടില്‍ നടത്തിക്കുന്നതും തവളച്ചാട്ടം ചെയ്യിക്കുന്നതുമായ വീഡിയോയും പ്രചരിച്ചിരുന്നു. മാസ്ക് ധരിക്കാത്തതിന് സ്ത്രീയെ നടുറോഡില്‍വെച്ച് മധ്യപ്രദേശ് പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ പൊലീസിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.    

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,065 കോവിഡ് കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 7.47 ലക്ഷത്തിലെത്തി. സംസ്ഥാനത്ത് 7,227 പേരാണ് രോഗബാധയേറ്റ് ഇതുവരെ മരിച്ചത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News