മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; മൂന്ന് രോഗികള്‍ വെന്തുമരിച്ചു
മുംബ്ര പ്രദേശത്തുള്ള കൌസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയാണ് തീപ്പിടിത്തമുണ്ടായത്
മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് രോഗികള്‍ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
മുംബ്ര പ്രദേശത്തുള്ള കൌസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഫയർ എഞ്ചിനുകളും അഞ്ച് ആംബുലൻസുകളും സ്ഥലത്തെത്തിച്ചതായും തീ കെടുത്തിയതായും അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരടക്കം 20 രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്നും ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായും സ്ഥലത്തെ എം.എല്‍.എയും മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവ്ഹാദും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
ഏപ്രിൽ 23 ന് മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ വിരാറിലെ ഒരു സ്വകാര്യ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിൽ ഉണ്ടായ തീപ്പിടിത്തത്തില്‍ 15 കോവിഡ് രോഗികൾ മരിച്ചിരുന്നു.