"മരിച്ചവരെയും അടിച്ച് നിലംപരിശാക്കുമോ?"; യോഗിയോട് മഹുവ മൊയ്ത്ര
ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് യോഗി ആദിത്യനാഥ് നല്‍കിയ താക്കീതിനു മറുപടിയായിരുന്നു മഹുവയുടെ ചോദ്യം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. യു.പിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് താക്കീതു നല്‍കിയതിന് ചുട്ട മറുപടിയുമായാണ് മഹുവ മൊയ്ത്ര രംഗത്തെത്തിയത്.
"മുഖ്യമന്ത്രി യോഗി ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആശുപത്രികളോട് പറയുന്നു ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നത് നിര്‍ത്തണം അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന്, നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും നിങ്ങള്‍ അടിച്ച് നിലംപരിശാക്കുമോ?" മഹുവ ട്വീറ്റ് ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും യോഗി ആദിത്യനാഥ് താക്കീത് നല്‍കിയിരുന്നു. യു.പിയിലെ ആശുപത്രികള്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലായിരുന്നു യോഗിയുടെ ഉത്തരവ്.
ഉത്തർപ്രദേശിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമമില്ലെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. യഥാർത്ഥ പ്രശ്‌നം പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയുമാണ്, ഇവയെ കർശനമായി നേരിടുമെന്നാണ് യോഗി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.