'അവര്‍ പൂജ്യമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല': ഇടതുപക്ഷത്തെ കുറിച്ച് മമത
ബിജെപിക്ക് പകരം ആ സീറ്റുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നെങ്കില്‍ നന്നായേനെയെന്ന് മമത
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി പൂര്‍ണമായും തൂത്തെറിയപ്പെട്ടു. താന്‍ ഇടത് മുന്നണിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവര്‍ പൂജ്യമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.
ബംഗാളില്‍ ഇടത് മുന്നണിയുടെ 34 വർഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമത മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രതിപക്ഷത്ത് ബിജെപിയെ അല്ല ഇടത് മുന്നണിയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് മമത പറഞ്ഞതിങ്ങനെ- ബിജെപിക്ക് പകരം ആ സീറ്റുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ.
294 അംഗ ബംഗാൾ നിയമസഭയിൽ ഇടത് മുന്നിയും കോണ്‍ഗ്രസും ഇല്ലാത്ത അവസ്ഥ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമാണ്. ഏറ്റവുമധികം കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഈ പാർട്ടികളുടെ സ്ഥാനത്ത് ഇപ്പോള്‍ ബിജെപിയാണുള്ളത്. 213 ഇടത്ത് തൃണമൂല്‍ ജയിച്ചപ്പോള്‍ 77 സീറ്റ് ബിജെപി സ്വന്തമാക്കി.
തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ഒരു മഹാദുരന്തമാണെന്നാണ് ഇടതുപക്ഷ നേതാക്കൾ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ മമതയ്ക്ക് അനുകൂലമായി മാറുകയായിരുന്നുവെന്ന് ചില ഇടത് നേതാക്കള്‍ വിലയിരുത്തി. മാൽഡ, മൂർഷിദാബാദ് തുടങ്ങിയ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോലും ഇത് പ്രകടമായിരുന്നു.
"ഇതൊരു മഹാദുരന്തമാണ്. ഒരു സ്വേച്ഛാധിപതി മറ്റൊരു സ്വേച്ഛാധിപതിക്ക് മേല്‍ വിജയം നേടി. ബിജെപിയെ ചെറുക്കാൻ തൃണമൂൽ മാത്രമാണ് ഏക ബദല്‍ എന്ന് ജനങ്ങള്‍ കരുതി. അബ്ബാസ് സിദ്ദിഖിയുമായുള്ള ഞങ്ങളുടെ സഖ്യം പ്രതീക്ഷിച്ച ഫലം നൽകിയില്ല"- റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി നേതാവ് മനോജ് ഭട്ടാചാര്യ പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സഖ്യവും ഇടതിലെ ഒരു വിഭാഗത്തിന് അംഗീകരിക്കാനായില്ല. എതിരാളികളായിരുന്നവരുമായുള്ള സഖ്യം ഇടതുപക്ഷത്തെ ഒരു വിഭാഗത്തെ നിരാശരാക്കി. കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് 34 വര്‍ഷം ഇടതുമുന്നണി ബംഗാള്‍ ഭരിച്ചത്.
ബിജെപിയെ പരാജയപ്പെടുത്തിയതിന് മമത ബാനർജിയെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൌധരി മമതയെ കുറ്റപ്പെടുത്തി. മമത മാല്‍ഡയിലും മൂര്‍ഷിദാബാദിലും ധ്രുവീകരണം നടത്തി. ഇതോടെ രണ്ടിടത്തും ഹിന്ദുക്കള്‍ ബിജെപിക്കും മുസ്‍ലിംകള്‍ തൃണമൂലിനും വോട്ട് ചെയ്തെന്നും അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു.