മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കള്‍ അറസ്റ്റില്‍; പ്രതിഷേധവുമായി മമത സിബിഐ ആസ്ഥാനത്ത്

അറസ്റ്റിന് പിന്നാലെ ബംഗാളിൽ നാടകീയ നീക്കങ്ങൾ

Update: 2021-05-17 06:15 GMT
Advertising

നാരദ കൈക്കൂലി കേസിൽ മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ ബംഗാളിൽ നാടകീയ നീക്കങ്ങൾ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിലെ സിബിഐ ഹെഡ്ക്വാട്ടേഴ്സിൽ പ്രതിഷേധവുമായെത്തി. നാല് തൃണമൂൽ നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ സിബിഐ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചന.

മന്ത്രിമാരായ ഫിര്‍ഹാദ് ഹകിം, സുബ്രത മുഖര്‍ജി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഫിര്‍ഹാദ് ഹകിമിനെ വീട്ടിലെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. വ്യക്തമായ അനുമതിയില്ലെന്നാണ് മന്ത്രിയെ കസ്റ്റഡിയിലെടുത്തതെന്ന് പരാതിയുണ്ട്. തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയും സിബിഐ ഓഫീസിലേക്ക് കൊണ്ടുപോയി. 2019ല്‍ തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സോവന്‍ ചാറ്റര്‍ജി ഈ മാര്‍ച്ചില്‍ ബിജെപി വിടുകയുണ്ടായി.

ഈ നാല് നേതാക്കള്‍ക്കെതിരെയും അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. സിബിഐ സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. എംഎല്‍എമാര്‍ക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി വേണം. എന്നാല്‍ സിബിഐ ഗവര്‍ണറുടെ അനുമതിയാണ് നേടിയത്. നാല് പേരും കഴിഞ്ഞ മമത മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News