2018ല്‍ മരിച്ചയാള്‍ക്കും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: ഗുജറാത്തില്‍ ഗുരുതര വീഴ്ച
കോവിഡ് വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ മരിച്ചുപോയ ഒരാള്‍ക്ക് കോവിഡ് വാക്സിന് സർട്ടിഫിക്കറ്റ് നൽകിയാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് ഞെട്ടിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ഗുരുതര വീഴ്ച. കോവിഡ് വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ മരിച്ചുപോയ ഒരാള്‍ക്ക് കോവിഡ് വാക്സിന് സർട്ടിഫിക്കറ്റ് നൽകിയാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് ഞെട്ടിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 2018ലാണ് ഇയാൾ മരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റും കുടുംബാംഗങ്ങൾ സർക്കാരിൽ നിന്ന് വാങ്ങിയിരുന്നു. എന്നാൽ ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അമ്പരപ്പിലാണ് കുടുംബം.
മെയ് 3ന് നട്വര്‍ലാല്‍ ഹര്‍ദാസ് വാക്സിന്‍ സ്വീകരിച്ചതായാണ് കുടുംബാംഗങ്ങളിലൊരാളുടെ ഫോണിലേക്ക് എസ്.എം.എസ് വന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ മരുമകന്‍ പറഞ്ഞു. ഗുജറാത്തിലെ ദാഹോഡിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നരേഷ് ദേശായി എന്നയാള്‍ക്കാണ് അദ്ദേഹത്തിന്റെ പിതാവ് വാക്സിന്‍ സ്വീകരിച്ചതായി എസ്.എം.എസ് വന്നത്. എന്നാല്‍ പിതാവ് മരിച്ചതും 2011ലും.
രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുമ്പോഴും ലഭിക്കുന്ന വാക്‌സിന് വേണ്ടി കാത്തുനില്‍ക്കുമ്പോഴുമാണ് ഗുജറാത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.