ഒരു മകന്‍റെ സംസ്കാരത്തിന് ശേഷം വീട്ടിലെത്തിയ വൃദ്ധ ദമ്പതികള്‍ കണ്ടത് മരിച്ചു കിടക്കുന്ന മറ്റൊരു മകനെ; നോയിഡയിലെ ഗ്രാമത്തില്‍ 14 ദിവസത്തിനുള്ളില്‍ മരിച്ചത് 18 പേര്‍
കോവിഡാണോ മരണകാരണമെന്ന് വ്യക്തമല്ലാത്തതാണ് ഗ്രാമവാസികളെ ആശങ്കയിലാഴ്ത്തുന്നത്
കോവിഡ് അതിന്‍റെ സംഹാര താണ്ഡവം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു വീഴുന്നത് നൂറു കണക്കിനാളുകളാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കഥകള്‍ നമ്മുടെ നെഞ്ച് പൊള്ളിക്കും. ഗ്രേറ്റര്‍ നോയിഡയിലെ ജലാല്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മരിച്ചത് 18 പേരാണ്. കോവിഡാണോ മരണകാരണമെന്ന് വ്യക്തമല്ലാത്തതാണ് ഗ്രാമവാസികളെ ആശങ്കയിലാഴ്ത്തുന്നത്. ഇതിനിടയില്‍ ഗ്രാമത്തിലെ വൃദ്ധദമ്പതികള്‍ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ നഷ്ടപ്പെട്ടത് രണ്ട് മക്കളെയാണ്. ഒരു മകന്‍റെ സംസ്കാരം കഴിഞ്ഞ് വീട്ടില്‍ തിരികെയെത്തുമ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന മറ്റൊരു മകനെയാണ്.
അതര്‍ സിംഗ് എന്നയാളുടെ മകനായ പങ്കജ് ചൊവ്വാഴ്ചയാണ് മരിക്കുന്നത്. ബന്ധുക്കളോടൊപ്പം പങ്കജിന്‍റെ സംസ്കാരം കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അതര്‍ സിംഗ് കണ്ടത് മുറിക്കുള്ളില്‍ മരിച്ചു കിടക്കുന്ന മകന്‍ ദീപകിനെയാണ്. ഇതു കണ്ട ഭാര്യ ബോധരഹിതയായി വീഴുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ രണ്ട് മക്കളുടെ സംസ്കാരം നടത്തേണ്ട ദുര്‍വിധിയാണ് ഈ വൃദ്ധ ദമ്പതികള്‍ക്കുണ്ടായത്. എന്നാല്‍ പങ്കജിനും ദീപകിനും കോവിഡാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ആറ് സ്ത്രീകളടക്കം 18 പേരാണ് ഇവിടെ മരിച്ചത്. ഏപ്രില്‍ 28ന് ഋഷി സിംഗ് എന്നയാളാണ് ആദ്യം മരിക്കുന്നത്. പിന്നീട് ഇദ്ദേഹത്തിന്‍റെ മകനും മരിച്ചു. എല്ലാവര്‍ക്കും പനിയുണ്ടായിരുന്നതായും ഓക്സിജന്‍റെ അളവ് കുറഞ്ഞിരുന്നതായും ഗ്രാമവാസികള്‍ പറയുന്നു.