56 പേജിലും ഒരക്ഷരം പോലുമില്ല; പ്രധാനമന്ത്രിയെ കളിയാക്കി ആമസോണില്‍ പ്രത്യക്ഷപ്പെട്ട പുസ്തകം വൈറല്‍

പുസ്തകത്തിന്‍റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആമസോൺ പുസ്തകം വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചു

Update: 2021-05-27 14:10 GMT
Editor : Roshin | By : Web Desk
Advertising

ഇ കോമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു പുസ്തകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. മാസ്റ്റർസ്ട്രോക്ക്: 420 സീക്രട്സ് ദാറ്റ് ഹെല്പ്ഡ് പിഎം ഇൻ ഇന്ത്യാസ് എംപ്ലോയ്‌മെന്‍റ് ഗ്രോത്ത് (MASTERSTROKE: 420 secrets that helped PM in India's employment growth) എന്ന് പേരുള്ള പുസ്തകമാണ് പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ മുഖം പുറംചട്ടയായി ആമസോണിൽ പ്രത്യക്ഷപ്പെട്ടത്.

പ്രധാന മന്ത്രിയോടും അദ്ദേഹത്തിന്റെ നയങ്ങളോടും കടുത്ത അമർഷമുള്ള ഏതോ ഒരു വ്യക്തിയാണ് ഈ പുസ്തകത്തിന് പിന്നിൽ. പുസ്തകം എഴുതിയ കക്ഷിയുടെ പേര് ബേറോസ്‌ഗാർ ഭക്ത്. ഈ വാക്കിന്റെ ഹിന്ദിയിലുള്ള അർഥം ജോലിയില്ലാത്ത ഭക്തൻ. 56 പേജുള്ള ഈ പുസ്തകത്തിന്‍റെ വില 56 രൂപയാണ്. നരേന്ദ്ര മോദിയുടെ പ്രശസ്തമായ '56 ഇഞ്ച് നെഞ്ചളവുള്ള നേതാവ്' എന്ന ഇമേജിനെ കളിയാക്കിയാണ് ഇത്. പുസ്തകം തുറന്ന് നോക്കിയാൽ 56 പേജിലും ഒന്നും എഴുതിയിട്ടില്ല. തൊഴിൽ ലഭ്യമാക്കാൻ നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് പറയാതെ പറയുകയാണ് പുസ്തകത്തിലെ ശൂന്യമായ ഈ പേജുകൾ.

"ഇന്ത്യക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ മോദിജി എന്താണ് ചെയ്തതെന്ന് അറിയാൻ രാഷ്ട്രം ആഗ്രഹിക്കുന്നു! കോവിഡ്-19നെതിരായ യുദ്ധത്തിൽ മഹത്വവത്കരിക്കാനും സമൃദ്ധിയുടെ പാതയിലൂടെ നടക്കാനും ഒരു മഹാനായ നേതാവ് സമരം ചെയ്യുന്ന ഒരു ജനതയെ എങ്ങനെ സഹായിച്ചു? ഇന്ത്യൻ പൗരന്മാർക്കിടയിൽ തൊഴിൽ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി മോദി ചെയ്ത എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട്" എന്നാണ് പുസ്തകത്തെക്കുറിച്ചുള്ള ആമസോൺ വെബ്‌സൈറ്റിലെ വിവരണം. പുസ്തകത്തിന്‍റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആമസോൺ പുസ്തകം വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ചു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News