കശ്മീർ സർവകക്ഷി യോഗത്തിൽ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല

പിഎജിഡി സഖ്യത്തെ പ്രതിനിധീകരിച്ച് മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ അയക്കാനാണ് സഖ്യകക്ഷികൾ ആലോചിക്കുന്നത്

Update: 2021-06-20 10:00 GMT
Editor : Shaheer | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 24ന് നടക്കുന്ന കശ്മീർ സർവകക്ഷി യോഗത്തിൽ പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പങ്കെടുത്തേക്കില്ല. യോഗത്തിലേക്ക് ക്ഷണം ലഭിച്ചതിനു പിറകെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്തതിനുശേഷമാണ് മെഹബൂബ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയതിന്റെ രണ്ടാം വാർഷികത്തിനു മുന്നോടിയായാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സുപ്രധാന നീക്കം നടക്കുന്നത്. ഈ വർഷം അവസാനത്തിലോ അടുത്ത വർഷം ആദ്യത്തിലോ ആയി കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താനും നീക്കമുണ്ട്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഡൽഹിയിലാണ് കേന്ദ്രം സർവകക്ഷി യോഗം വിളിച്ചുചേർത്തിരിക്കുന്നത്. യോഗത്തിൽ കശ്മീരിലെ എട്ടു പാർട്ടികളുടെ 14 നേതാക്കൾക്ക് ക്ഷണമുണ്ട്.

ഔദ്യോഗികക്ഷണം ലഭിച്ച വിവരം മെഹബൂബ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, യോഗത്തിൽ പങ്കെടുക്കുന്ന കാര്യം നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു അവർ അറിയിച്ചിരുന്നത്. കശ്മീരിലെ വിവിധ പാർട്ടികളുടെ സഖ്യമായ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷനെ(പിഎജിഡി) പ്രതിനിധീകരിച്ച് മുൻ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുല്ലയെ അയക്കാനാണ് ആലോചിക്കുന്നത്. നാഷനൽ കോൺഫറൻസിനു പുറമെ പിഡിപി, കോൺഗ്രസ്, സിപിഎം, അവാമി നാഷനൽ കോൺഫറൻസ്, ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് എന്നിവയാണ് സഖ്യത്തിലുള്ളത്.

നാഷനൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും സിപിഎമ്മും മറ്റു പാർട്ടികളുമായി ചർച്ച ചെയ്ത ശേഷമായിരിക്കും യോഗത്തിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, ബിജെപിയും അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ അപ്‌നി പാർട്ടിയും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടായി വിഭജിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയ സംസ്ഥാനത്തിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. നേരത്തെ എടുത്തുമാറ്റിയ സംസ്ഥാന പദവി തിരിച്ചുനൽകാൻ നീക്കമുണ്ടെന്നും വിവരമുണ്ട്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News