ബിഎസ്പിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎമാർ അഖിലേഷ് യാദവുമായി ചര്‍ച്ച നടത്തി
മായാവതിയുമായി ഒരു വിയോജിപ്പുമില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സതീഷ് മിശ്രയാണ് പ്രശ്‌നക്കാരനെന്നും കൂടിക്കാഴ്ചയ്ക്കുശേഷം എംഎൽഎമാർ പ്രതികരിച്ചു
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ കൂടുമാറ്റ ചർച്ചകൾ സജീവമാകുന്നു. ബഹുജൻ സമാജ് പാർട്ടിയുടെ(ബിഎസ്പി) ആറ് എംഎൽഎമാർ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.
അസ്‍ലം റൈനി, അസ്‍ലം അലി ചൗധരി, മുസ്തബ സിദ്ദീഖി, ഹകീം ലാൽ ബിന്ദ്, ഹർഗോബിന്ദ് ഭാർഗവ്, സുഷമാ പട്ടേൽ, വന്ദന സിങ്, രംവീർ ഉപാധ്യായ, അനിൽ സിങ് എന്നിങ്ങനെ നേരത്തെ ബിഎസ്പി പുറത്താക്കിയ എംഎൽഎമാരാണ് ഇന്ന് അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ നാലു വർഷത്തിനിടെ പലഘട്ടങ്ങളിലായാണ് ഇവരെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. എന്നാൽ, അടുത്തിടെ പുറത്തായ മുതിർന്ന എംഎൽഎമാരായ ലാൽജി വർമ, രാം അച്ചൽ രാജ്ബർ എന്നിവർ സംഘത്തോടൊപ്പം ചേർന്നിട്ടില്ല. അതേസമയം, ലാൽജി വർമയാണ് തങ്ങളുടെ നേതാവെന്നാണ് പുറത്താക്കപ്പെട്ട എംഎൽഎമാർ പറയുന്നത്.
പാർട്ടി നേതാവ് മായാവതിയുമായി തങ്ങൾക്ക് ഒരു വിയോജിപ്പുമില്ലെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സതീഷ് മിശ്രയോടാണ് പ്രശ്‌നമുള്ളതെന്നും അഖിലേഷുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എംഎൽഎമാർ പ്രതികരിച്ചു. മുന്നിലുള്ള വഴി തുറന്നതാണെന്നും എസ്പി അതിൽ ഒന്നുമാത്രമാണെന്നും ഇവർ സൂചിപ്പിച്ചു.