പാർലമെന്‍റിനും പ്രതിമകൾക്കും കോടികള്‍, എന്തുകൊണ്ട് വാക്സിന്‍ സൗജന്യമല്ല: കേന്ദ്രത്തെ വിമര്‍ശിച്ച് മമത ബാനര്‍ജി

ബി.ജെ.പി നേതാക്കൾ തുടർച്ചയായി വന്നു പോകുന്നതു കൊണ്ടാണ് ബംഗാളിൽ കോവിഡ് കേസുകള്‍ വർധിക്കുന്നതെന്നും മമത പരിഹസിച്ചു.

Update: 2021-05-06 13:53 GMT
Advertising

കോവിഡ് വാക്‌സിനേഷൻ സൗജന്യമാക്കാത്തതിൽ കേന്ദ്രത്തെ വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പുതിയ പാർലമെന്‍റിനും പ്രതിമകൾക്കുമായി 20,000 കോടി ചെലവഴിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് വാക്‌സിൻ സൗജന്യമാക്കാത്തതെന്ന് മമത ചോദിച്ചു.

സൗജന്യ വാക്‌സിൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് താനയച്ച കത്തിന് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും മമത ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാക്കൾ തുടർച്ചായി വന്നു പോകുന്നതു കൊണ്ടാണ് ബംഗാളിൽ കോവിഡ് കേസുകള്‍ വർധിക്കുന്നതെന്നും മമത പരിഹസിച്ചു.

20,000 കോടി ചെലവഴിച്ച് പ്രതിമകളും പുതിയ പാർലമെന്‍റും നിർമ്മിക്കുമ്പോള്‍ എന്തുകൊണ്ട് വാക്‌സിനേഷനായി 30,000 കോടി ചെലവഴിച്ചുകൂടെന്നാണ് മമത ചോദിക്കുന്നത്. പി.എം കെയേർസ് ഫണ്ട് എവിടെയെന്നും രാജ്യത്തെ യുവതയുടെ ജീവൻ അപകടത്തിലാക്കുന്നതെന്തിനെന്നും മമത കൂട്ടിച്ചേർത്തു. ബി.ജെ.പി നേതാക്കൾ കോവിഡ് ആശുപത്രികളാണ് സന്ദർശിക്കേണ്ടതെന്നും മമത ബാനർജി പറഞ്ഞു.

ബി.ജെ.പി നേതാക്കൾ വന്നു പോകുന്നതിനാലാണ് ബംഗാളിൽ കോവിഡ് വ്യാപിക്കുന്നതെന്നും കേന്ദ്ര മന്ത്രിമാരായാലും രാഷ്ട്രീയ പാർട്ടിക്കാരായാലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും മമത  വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത്​ തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​ ശേഷമുള്ള അക്രമങ്ങൾക്ക്​ കേന്ദ്രമന്ത്രിമാർ പ്രേരണ നൽകുന്നതായും മമത കൂട്ടിച്ചേര്‍ത്തു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News