'ഒരു മണിക്കൂറോളം തല്ലി, ആരും രക്ഷിക്കാന്‍ വന്നില്ല, കേസ് പിന്‍വലിക്കാന്‍ ഭീഷണിയുണ്ട്':. ഗോരക്ഷകരുടെ മര്‍ദനത്തിനിരയായ യുവാവ്

'50,000 രൂപ ആവശ്യപ്പെട്ടു. ഓരോ മാസവും 25,000 രൂപ വീതം നൽകണമെന്നും പറഞ്ഞു. പണം നൽകിയില്ലെങ്കിൽ പശു കശാപ്പ് കേസുകളിൽ പെടുത്തുമെന്നായിരുന്നു ഭീഷണി'

Update: 2021-05-27 08:21 GMT
Advertising

"ഇത് പോത്തിറച്ചിയാണ്, ഇത് പോത്തിറച്ചിയാണ്.. ഞാൻ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ആരും ഞാൻ പറഞ്ഞത് കേട്ടില്ല. ഞാൻ പശുവിനെ അറുത്തുവെന്ന് അവർ പറഞ്ഞു കൊണ്ടേയിരുന്നു. പശുവിന്‍റെ ഇറച്ചിയല്ല, പോത്തിറച്ചിയാണ് വില്‍ക്കുന്നതെന്ന് ഞാന്‍ പിന്നെയും പിന്നെയും പറഞ്ഞു. പക്ഷേ അവർ കേട്ടതായി ഭാവിച്ചില്ല"- ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മെയ് 23ന് ഗോരക്ഷകരുടെ ക്രൂരമര്‍ദനത്തിന് ഇരയായ മുഹമ്മദ് ശാക്കിര്‍ എന്ന 32കാരന്‍ ദ ക്വിന്‍റിനോട് പറഞ്ഞതാണിത്.

അതിക്രമം നേരില്‍ കണ്ട ജുനൈദ് എന്നയാളുടെ പരാതിയെ തുടര്‍ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയും ഭാരതീയ ഗോരക്ഷ വാഹിനി വൈസ് പ്രസിഡന്‍റുമായ മനോജ് താക്കൂര്‍ ഒളിവിലാണ്. ശാക്കിറിനെ മരത്തിൽ കെട്ടിയിട്ട് ഒരു മണിക്കൂറോളം മർദ്ദിക്കുന്നത് കണ്ടെന്നാണ് ജുനൈദ് നല്‍കിയ മൊഴി.

"ഞാൻ പോത്തിറച്ചിയുമായി പോകുമ്പോള്‍ ആള്‍ക്കൂട്ടം എന്നെ തടഞ്ഞു നിർത്തുകയായിരുന്നു. വാഹനത്തിൽ നിന്ന് ഇറക്കി ആളുകൾ എന്നെ തല്ലാന്‍ തുടങ്ങി. മനോജ് താക്കൂറിന്‍റെ നേതൃത്വത്തിലാണ് അവര്‍ വന്നത്. അവര്‍ പത്തോളം പേരുണ്ടായിരുന്നു. മരത്തില്‍ കെട്ടിയിട്ടും മര്‍ദനം തുടര്‍ന്നു. 50,000 രൂപ അവര്‍ ആവശ്യപ്പെട്ടു. വീട്ടിലേക്ക് വിളിച്ച് 50,000 രൂപ വേഗത്തിൽ എത്തിക്കാന്‍ പറയണമെന്നും എങ്കില്‍ പോകാൻ അനുവദിക്കുമെന്നും അവർ പറഞ്ഞു. എന്‍റെ ജോലി തുടരാൻ സമ്മതിക്കണമെങ്കില്‍ ഓരോ മാസവും 25,000 രൂപ വീതം നൽകേണ്ടിവരുമെന്നും മനോജ് താക്കൂർ പറഞ്ഞു. പണം നൽകിയില്ലെങ്കിൽ പശു കശാപ്പ് കേസുകളിൽ ഉള്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി".

മര്‍ദനം തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് എത്തിയത്. അപ്പോഴേക്കും മനോജ് താക്കൂര്‍ സ്ഥലംവിട്ടു. ശാക്കിര്‍ തിരിച്ചും മര്‍ദിച്ചെന്നാണ് ഒളിവില്‍ പോകും മുന്‍പ് താക്കൂര്‍ ചില പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഈ ആരോപണത്തിന് ഒരു തെളിവും ഇല്ല.

"എന്നെ രക്ഷിക്കാൻ ആരും മുന്നോട്ട് വന്നില്ല. എല്ലാവര്‍ക്കും താക്കൂറിനെ ഭയമാണ്. അവിടെ ഉണ്ടായിരുന്ന ആളുകളെ അയാള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. സംഭവം നടന്ന അന്നുമുതൽ നിരന്തരം ഭീഷണി നേരിടുന്നുണ്ട്. ഒത്തുതീർപ്പ് നടത്താനും കേസ് പിന്‍വലിക്കാനുമാണ് ഭീഷണിപ്പെടുത്തുന്നത്. എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. അവർ എന്നെ കൊല്ലുമെന്ന് പേടിയുണ്ട്. ഞാനിപ്പോഴും ചികിത്സയിലാണ്". സർക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ചോദിച്ചപ്പോൾ ശാക്കിര്‍ പറഞ്ഞതിങ്ങനെ- "എന്റെ സംസ്ഥാനത്ത് എന്റെ സുരക്ഷ ഉറപ്പാക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്."

ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന ആരോപണം വന്നതോടെ മനോജ് താക്കൂറിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നാണ് ഭാരതീയ ഗോരക്ഷക് വാഹിനി പ്രസിഡന്‍റ് രാകേഷ് സിങ് പരിഹാര്‍ പറഞ്ഞത്. ആറ് മാസം മുന്‍പ് താക്കൂറിനെ പുറത്താക്കിയതാണെന്നാണ് വിശദീകരണം. എന്നാല്‍ ഗോരക്ഷക് നേതാവെന്നാണ് താക്കൂര്‍ സ്വയം അവകാശപ്പെടുന്നത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News