75കാരിയായ മയക്കുമരുന്ന് വിതരണക്കാരി മുംബൈയില്‍ അറസ്റ്റില്‍; 1.2 കോടിയുടെ ഹാഷിഷും കണ്ടെടുത്തു
ബാന്ദ്രയിലെ വാട്ടർഫീൽഡ് റോഡിൽ ഹാഷിഷ് കൈമാറ്റം ചെയ്യുന്നുണ്ടെന്ന് മുംബൈ ക്രൈബ്രാഞ്ചിന് ശനിയാഴ്ച വിവരം ലഭിച്ചിരുന്നു
മുംബൈയിലെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണ ശൃംഖല നടത്തിയിരുന്നതായി സംശയിക്കുന്ന 75 കാരിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജോഹരാബി ഷെയ്ക്കാണ് അറസ്റ്റിലായത്. ഇവരുടെയും കൂട്ടാളികളുടെയും പക്കല്‍ നിന്നും 1.2 കോടിയുടെ ഹാഷിഷും കണ്ടെടുത്തിട്ടുണ്ട്.
ബാന്ദ്രയിലെ വാട്ടർഫീൽഡ് റോഡിൽ ഹാഷിഷ് കൈമാറ്റം ചെയ്യുന്നുണ്ടെന്ന് മുംബൈ ക്രൈബ്രാഞ്ചിന് ശനിയാഴ്ച വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടാനായത്. പ്രതിയെ പിടികൂടുമ്പോള്‍ ഇവരുടെ കൈവശം ഒരു പ്ലാസ്റ്റിക ബാഗുണ്ടായിരുന്നു. ഇതില്‍ ഏഴ് പന്തുകളുടെ രൂപത്തിലാണ് ഹാഷിഷ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, ഒരു ഉപഭോക്താവിന് മരുന്ന് എത്തിക്കാനാണ് താൻ വന്നതെന്ന് പ്രതി വെളിപ്പെടുത്തി. ബാന്ദ്രയിലെ ഗുരുജി സേവാ മണ്ഡലത്തിൽ താമസിക്കുന്ന ഒരു സ്ത്രീയിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയതെന്നും ഇയാൾ വെളിപ്പെടുത്തി.
തുടര്‍ന്ന് പൊലീസ് ജൊഹരാബി ഷെയ്ക്കിന്‍റെ വീട്ടിലെത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ജോഹറാബി ഷെയ്ക്കിന്‍റെ വസതിയിൽ നിന്ന് 3.8 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. നേരത്തെ കിഷോർ ഗാവ്‌ലി (57) എന്നയാളിൽ നിന്ന് 160 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഷെയ്ക്കിന് മയക്കുമരുന്ന് കച്ചവടമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗാവ്‌ലിയെയും ഷെയ്ഖിനെയും കോടതിയിൽ ഹാജരാക്കി മെയ് 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.