പൊലീസ് മൂന്നാംമുറ: ഹരിയാനയില്‍ ചികിത്സയിലായിരുന്ന മുസ്‍ലിം യുവാവ് മരിച്ചു
മറ്റൊരു കേസിലെ പ്രതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റെന്നാണ് പൊലീസ് വിശദീകരണം.
ഹരിയാനയിലെ മേവാത്തിൽ പൊലീസിന്‍റെ മൂന്നാം മുറയിൽ മുസ്‍ലിം യുവാവിന് ദാരുണാന്ത്യം. പൊലീസ് മർദനത്തെ തുർന്ന് ചികിത്സയിലായിരുന്ന 21 വയസുകാരനായ ജുനൈദ് ഇന്നലെയാണ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. ജുനൈദിനെ വിട്ടയക്കാൻ 70000 രൂപ പൊലീസ് കൈക്കൂലി വാങ്ങിയെന്നും കുടുംബം ആരോപിച്ചു.
ബന്ധുവീട്ടിൽ കല്യാണം കഴിഞ്ഞ് മടങ്ങവെയാണ് ഹരിയാന - രാജസ്ഥാൻ അതി൪ത്തിയായ സുനേരയിൽ വെച്ച് ജുനൈദിനെ ഹരിയാന ഫരീദാബാദ് സൈബ൪ സെൽ ജുനൈദിനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിലെ പ്രതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റെന്നാണ് പൊലീസ് വിശദീകരണം. കസ്റ്റഡിയിൽ വെച്ച് ക്രൂര പീഡനമാണ് 21 വയസുകാരനായ ജുനൈദിന് ഏൽക്കേണ്ടിവന്നത്. വ൪ഗീയ പരാമ൪ശങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതായി കുടുംബം ആരോപിക്കുന്നു.
മ൪ദനത്തിൽ അവശനായ ജുനൈദിനെ വിട്ടയക്കാൻ 70000 രൂപ കൈക്കൂലിയും പൊലീസ് കുടുംബത്തിൽ നിന്ന് പിടിച്ചുവാങ്ങി. ഗുരുതരമായി പരിക്കേറ്റ ജുനൈദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെയോടെ ജുനൈദ് മരണത്തിന് കീഴടങ്ങി.
"കുറ്റക്കാ൪ക്കെതിരെ നടപടി വേണം. പൊലീസ് ആയാലും മറ്റാരായാലും. കുറ്റവാളിയെന്ന് തെറ്റിദ്ധരിച്ചാണ് കസ്റ്റഡിയിലെടുത്തതെങ്കിലും കസ്റ്റഡിക്ക് മുമ്പ് അക്കാര്യം ഉറപ്പുവരുത്താൻ പൊലീസിന് ബാധ്യതയുണ്ടായിരുന്നു. അതിന് പുറമെ കടുത്ത മ൪ദനവും അഴിച്ചുവിട്ടു"- മുൻ സൈനിക ഉദ്യോഗസ്ഥൻ മൗലാന ഇദ്രീസ് പറഞ്ഞു.
മേവാത്തിൽ കസ്റ്റഡി പീഡനവും കൊലപാതകവും തുട൪ക്കഥയാവുകയാണെന്നും മുമ്പും സമാന സംഭവങ്ങൾ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാ൪ ആരോപിക്കുന്നു.