ഇന്ത്യയുടെ നിലപാട് പുതിയതല്ല, മുൻപും വോട്ടെടുപ്പിൽ വിട്ടുനിന്നിട്ടുണ്ട്; ഫലസ്തീന്‍റെ ആശങ്കയ്ക്ക് മറുപടിയുമായി കേന്ദ്രം
ഫലസ്തീൻ വിദേശകാര്യ മന്ത്രിയുടെ കത്തിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരായ യുഎൻ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന നടപടിക്ക് ന്യായീകരണവുമായി കേന്ദ്രം. ഇന്ത്യയുടെ നിലപാട് പുതിയതല്ലെന്നും മുൻപും ഇത്തരത്തിൽ വോട്ടെടുപ്പിൽ വിട്ടുനിന്നിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
''നമ്മൾ സ്വീകരിച്ച നിലപാട് പുതിയതൊന്നുമല്ല. മുൻപും പല അവസരങ്ങളിലും വോട്ടെടുപ്പിൽ വിട്ടുനിന്നിട്ടുണ്ട്. ഇതു നമ്മുടെ നിലപാട് വ്യക്തമായും വിശദീകരിക്കുന്നുണ്ട്'' വാർത്താസമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി.
ഗസ്സയിലെ ആക്രമണത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎൻ മനുഷ്യാവകാശ കൗൺസിലിലെ പ്രമേയത്തിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നിരുന്നു. ഇന്ത്യയുടെ നിലപാടുമാറ്റത്തിൽ ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലികി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതുകയും ചെയ്തു.
ഈ നിർണായകഘട്ടത്തിൽ രാജ്യാന്തര സമൂഹത്തോടൊപ്പം നിൽക്കാനുള്ള അവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് കത്തിൽ റിയാദ് വിമർശിച്ചു. സമാനമായ കത്ത് വോട്ടെടുപ്പിൽ വിട്ടുനിന്ന മറ്റു രാജ്യങ്ങൾക്കും ഫലസ്തീൻ എഴുതിയിട്ടുണ്ടെന്നും ഇന്ത്യയ്ക്ക് പ്രത്യേകമായുള്ളതല്ലെന്നും അരിന്ദം ബാഗ്ച്ചി സൂചിപ്പിച്ചു.