72 ലക്ഷം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ പക്കലുണ്ട്; 46 ലക്ഷം ഡോസുകള്‍ കൂടി ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം

ഇതുവരെ 17.56 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കി.

Update: 2021-05-09 16:51 GMT
Advertising

വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ കോവിഡ് വാക്‌സിന്‍റെ 72 ലക്ഷത്തിലധികം (72,42,014) ഡോസുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ 46 ലക്ഷത്തിലധികം (46,61,960) ഡോസുകള്‍ കൂടി ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് പരാതി ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ 17.56 കോടിയിലധികം (17,56,20,810) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം സൗജന്യമായി നല്‍കി. ഇതില്‍ പാഴാക്കിയ ഡോസുകള്‍ ഉള്‍പ്പെടെ 16,83,78,796 ഡോസുകളാണ് ആകെ ഉപയോഗിച്ചതെന്നാണ് കണക്കുകള്‍. 

അതേസമയം, കേരളം ആവശ്യപ്പെട്ട കോവിഡ് വാക്‌സിന്‍ എന്ന് ലഭ്യമാക്കാനാവുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ കേന്ദ്രങ്ങളിലെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ആവശ്യമുന്നയിച്ചത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News