പെട്രോള്‍ വില വര്‍ദ്ധനവ് പ്രശ്നമാണ്, പക്ഷെ ക്ഷേമപദ്ധതികള്‍ക്ക് പണം വേണ്ടേ? ന്യായീകരണവുമായി പെട്രോളിയം മന്ത്രി

പെട്രോളിന്‍റെ വില കേരളത്തിലടക്കം 100 കടന്ന ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ പ്രതികരണം

Update: 2021-06-13 11:46 GMT
Editor : Roshin | By : Web Desk
Advertising

പെട്രോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. 'ഇന്ധനവില വര്‍ദ്ധനവ് വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്, പക്ഷെ, ക്ഷേമപദ്ധതികള്‍ക്കായി പണം കണ്ടെത്തണമല്ലോ.' അദ്ദേഹം പറഞ്ഞു. പെട്രോളിന്‍റെ വില കേരളത്തിലടക്കം 100 കടന്ന ഈ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒരു ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാമാരിക്കെതിരെ പോരാടാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കണ്ടെത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിയില്‍ നിന്നുള്ള അധിക പണം ആവശ്യമാണെന്നും പ്രധാന്‍ പറഞ്ഞു. 'ഇന്ധനവില ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന കാര്യം അംഗീകരിക്കുന്നു. വാക്‌സിനുകള്‍ക്കും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിനൊപ്പം ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നു.' അദ്ദേഹം പറഞ്ഞു.

ഇന്ധനവില വര്‍ധനവില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിമര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. വിലവർധനവിനെക്കുറിച്ച് പരാതി പറയുന്ന കോൺഗ്രസ് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നികുതി കുറക്കാത്തതെന്താണെന്നായിരുന്നു മന്ത്രിയുടെ ന്യായീകരണ മറുമടി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ കവിഞ്ഞെങ്കിലും അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News