ശ്രീരാമൻ സ്വയം സത്യവും നീതിയും മതവുമാണ്, ശ്രീരാമന്‍റെ പേരിൽ കബളിപ്പിക്കുന്നത് അനീതിയാണ്- രാമക്ഷേത്ര ഭൂമിതട്ടിപ്പില്‍ രാഹുൽ ഗാന്ധി
നേരത്തെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്ത് വന്നിരുന്നു.
രാമക്ഷേത്രത്തിന്‍റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശ്രീരാമൻ സ്വയം സത്യവും നീതിയും മതവുമാണ്, ആശ്രീരാമന്റെ പേരിൽ കബളിപ്പിക്കുന്നത് അനീതിയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതിൽ വൻ തട്ടിപ്പ് നടത്തിയെന്നാണ് എസ്.പിയും എ.എ.പിയും ആരോപിക്കുന്നത്. മാർച്ച് 18ന് ഒരു വ്യക്തിയിൽ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ 1.208 ഹെക്ടർ ഭൂമി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.
രണ്ട് ഇടപാടുകൾക്കിടയിലെ സമയം 10 മിനിറ്റിൽ താഴെയാണ്. ഈ കുറഞ്ഞ സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേകം ഇരട്ടിയായി വർധിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വിശദീകരിക്കണമെന്ന് മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടു.
ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹൻ തിവാരി, സുൽത്താൻ അൻസാരി എന്നിവർക്ക് വിൽപന നടത്തിയത്. ഇവരിൽ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്. ക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കർ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയിൽ 12 പേരും കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തവരാണ്.
ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങും ട്രസ്റ്റിനെതിരെ അഴിമാതിയാരോപണം ഉന്നയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് ഉൾപ്പെടെ സംശയിക്കണമെന്നും സംഭവം സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി രംഗത്ത് വന്നിരുന്നു. കോടിക്കണക്കിനുവരുന്ന ജനങ്ങൾ ഭഗവാന്‍റെ കാൽക്കൽ കാണിക്കയായി പണം നൽകിയത് അവരുടെ വിശ്വാസവും ഭക്തിയും കൊണ്ടാണ്. ആ പണം തെറ്റായ രീതിയിൽ ചെലവഴിക്കപ്പെട്ടത് പാപമാണെന്ന് മാത്രമല്ല, വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
അതേസമയം സംഭവത്തിൽ ശിവസേന എംപി സജ്ഞയ് റൗട്ട് പ്രസ്താവനയുമായി രംഗത്ത് വന്നു. രാമക്ഷേത്ര നിർമാണ ഭൂമി വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് ട്രസ്റ്റും അതിന്റെ നേതാക്കളും വ്യക്തമാക്കണം. രാമക്ഷേത്ര നിർമാണം സാധാരണ ജനങ്ങളുടേയും പാർട്ടിയുടെയും വിശ്വാസത്തിന്റെയും പ്രശ്‌നമാണ്. അതിനാൽ അതിൽ സുതാര്യത വേണം- അദ്ദേഹം ആവശ്യപ്പെട്ടു.
ചിലരെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രം ഒരു രാഷ്ട്രീയ പ്രശ്‌നമാണ് എന്നാൽ ഞങ്ങൾക്കത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ്. രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്ത യോഗി ആതിഥ്യനാഥും മോഹൻഭാഗവതും ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെ പേരിലാണ് ആൾക്കാർ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത്. ശിവസേന പോലും ഒരു കോടി രൂപ ട്രസ്റ്റിന് നൽകിയിട്ടുണ്ട്. ആ പണം ദുരുപയോഗം ചെയ്താൽ പിന്നെ വിശ്വാസമുണ്ടായിട്ട് എന്ത് കാര്യം ?- അദ്ദേഹം ചോദിച്ചു.