"എന്നെയും അറസ്റ്റു ചെയ്യൂ...": മോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിച്ചവരുടെ അറസ്റ്റിനെതിരെ രാഹുല്‍ ഗാന്ധി
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മോദി സര്‍ക്കാരിനേറ്റ പരാജയം ചൂണ്ടിക്കാട്ടി നൂറുകണക്കിന് പോസ്റ്ററുകളും ബാനറുകളുമാണ് കണ്ടെത്തിയത്.
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. 'എന്നെയും അറസ്റ്റു ചെയ്യൂ' എന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിദേശികള്‍ക്ക് നല്‍കുന്നത്' എന്നായിരുന്നു ഇതില്‍ ചില പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. ഇതേ ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള കാർഡിനൊപ്പമാണ് തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.
Arrest me too.
— Rahul Gandhi (@RahulGandhi) May 16, 2021
मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ കണ്ടെത്തിയതിനു പിന്നാലെ ഡല്‍ഹി പൊലീസ് വ്യാപകമായി കേസെടുക്കുകയും 17 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കൂടുതല്‍ പേരെ അറസ്റ്റു ചെയ്യുമെന്നുമായിരുന്നു ഡല്‍ഹി പൊലീസ് വ്യക്തമാക്കിയത്. അതേസമയം, കോൺഗ്രസ് നേതാക്കളായ അഭിഷേക് സിംഗ്‌വി, പി. ചിദംബരം, എന്നിവരും അറസ്റ്റിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്.
പ്രതിദിനം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യത്ത് ചികിത്സാ സൗകര്യങ്ങളില്ലാതെ ദിനംപ്രതി നാലായിരത്തിലധികം പേരാണ് മരിച്ചു വീഴുന്നത്. മരിച്ചവരെ അടക്കംചെയ്യാന്‍ പോലുമുള്ള സംവിധാനങ്ങളില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നത്.