കോവിഡ് മരുന്നിനെതിരെ തെറ്റായ പ്രചാരണം; രാംദേവിനെതിരെ കേസെടുത്തു
അലോപ്പതി മരുന്നിനും ഡോക്ടർമാർക്കുമെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ചത്തീസ്ഗഢിലെ റായ്പൂർ പൊലീസ് ബാബാ രാംദേവിനെതിരെ കേസെടുത്തത്
Update: 2021-06-17 17:47 GMT
അലോപ്പതി മരുന്നിനും ഡോക്ടർമാർക്കുമെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് യോഗ ഗുരു ബാബാ രാംദേവിനെതിരെ കേസ്. കോവിഡ് മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ചത്തീസ്ഗഢിലെ റായ്പൂർ പൊലീസ് കേസെടുത്തത്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) ചത്തീസ്ഗഢ് ഹോസ്പിറ്റൽ ബോർഡ് ചെയർമാൻ രാകേഷ് ഗുപ്ത, ഐഎംഎ റായ്പൂർ പ്രസിഡന്റ് വികാസ് അഗർവാൾ എന്നിവരുടെ പരാതിയിലാണ് നടപടി. രാംദേവ് കോവിഡ് മരുന്നുകളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുകയും അംഗീകൃതമായ രോഗപരിചരണ രീതികളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഐപിസി 188, 266, 504 എന്നീ വകുപ്പുകൾ പ്രകാരവും ദുരന്തനിവാരണ വകുപ്പുപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.