തനിക്ക് യോഗയും ആയുര്‍വേദവുമുണ്ട്; വാക്സിനെടുക്കേണ്ട ആവശ്യമില്ലെന്ന് ബാബാ രാംദേവ്
പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് പ്രതിരോധ കുത്തിവെപ്പിന്‍റെ ആവശ്യമില്ലെന്നും രാംദേവ് പറഞ്ഞു
അലോപ്പതിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശവുമായി യോഗാ ഗുരു ബാബാ രാംദേവ്. പതിറ്റാണ്ടുകളായി താന്‍ യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് പ്രതിരോധ കുത്തിവെപ്പിന്‍റെ ആവശ്യമില്ലെന്നും രാംദേവ് പറഞ്ഞു.
ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടും. അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്സിന്‍ എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.
ഇന്ത്യയിലെ പുരാതന ചികിത്സ സമ്പ്രദായത്തിനെതിരെ വ്യാപകമായ രീതിയില്‍ കുപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ ഒരു വിഭാഗം ഇത് മനഃപൂര്‍വം അവഗണിക്കുകയോ തരംതാഴ്ന്നതാണെന്ന് കരുതുകയോ ചെയ്യുന്നുവെന്നും രാംദേവ് പറഞ്ഞു. അലോപ്പതി അശാസ്ത്രീയമാണെന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. ഐ.ഐ.എ ഇതിനെതിരെ രംഗത്തെത്തുകയും പ്രസ്താവന പിന്‍വലിച്ച മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ രാംദേവിന് പ്രസ്താവന പിന്‍വലിക്കേണ്ടതായി വന്നു. ഇതിനിടയില്‍ ഉത്തരാഖണ്ഡ് ഐ.എം.എ 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയക്കുകയും ചെയ്തു. ഡല്‍ഹി മെഡിക്കല്‍ അസോസിയേനും രാംദേവിനെതിരെ രംഗത്ത് വന്നിരുന്നു.