റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള 99,000 കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറും
2020 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വിഹിതമായി 57,128 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ആര്‍.ബി.ഐ കേന്ദ്രത്തിനു നല്‍കിയത്
മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ റിസര്‍വ് ബാങ്ക് (ആർ.ബി.ഐ) തീരുമാനിച്ചു. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക.വെള്ളിയാഴ്ച നടന്ന റിസർവ് ബാങ്കിന്റെ കേന്ദ്ര ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം.
2020 ജൂലായ് മുതൽ 2021 മാർച്ച് വരെയുള്ള നീക്കിയരിപ്പാണിത്. 2020 ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ വിഹിതമായി 57,128 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ആര്‍.ബി.ഐ കേന്ദ്രത്തിനു നല്‍കിയത്. ആർ.ബി.ഐയുടെ അക്കൗണ്ടിങ് വർഷം ഏപ്രിൽ-മാർച്ച് കാലയളവിലേയ്ക്ക് മാറ്റാനും യോഗം തീരുമാനിച്ചു. നേരത്തെ ജൂലായ്-ജൂൺ കാലയളവായിരുന്നു അക്കൗണ്ടിങ് വർഷമായി പരിഗണിച്ചിരുന്നത്.
കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴില്‍ ലഭ്യതയെയും ബാധിച്ചതായി റിസര്‍വ് ബാങ്ക് വിലയിരുത്തിയിരുന്നു. 2021 ഏപ്രില്‍-മെയ് മാസങ്ങളില്‍ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങള്‍ താഴ്ന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ രണ്ടാംവ്യാപനത്തില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങള്‍ പരിമിതമായി. ആളുകള്‍ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങള്‍ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് രണ്ടാമതും പടര്‍ന്നത് 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിന്റെ പകുതിയില്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആര്‍.ബി.ഐ. പറയുന്നു. എന്നാല്‍, നിലവില്‍ ലഭ്യമായ സൂചനകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്.